യുഡിഎഫ് തരംഗം, 92 സീറ്റില്‍ ലീഡ്; പിണറായി വിജയന്‍ മൂന്നാം റൗണ്ടിലും പിന്നില്‍

തിരുവനന്തപുരം: കേരളത്തിന്റെ കാറ്റ് എങ്ങോട്ട് എന്ന് വിധിയെഴുതിയ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ മൂന്നാം മണിക്കൂറിലേക്ക് കടക്കുമ്പോള്‍ യുഡിഎഫ് തരംഗം. 140 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 90ലധികം സീറ്റുകളിലാണ് യുഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. എല്‍ഡിഎഫ് 50ല്‍ താഴെ മണ്ഡലങ്ങളിലാണ് ലീഡ് ഉയര്‍ത്തുന്നത്. എന്നാല്‍ എല്‍ഡിഎഫ് ലീഡ് ഉയര്‍ത്തുന്ന മണ്ഡലങ്ങളില്‍ ആശ്വാസകരമായ മുന്നേറ്റമല്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നേരിയ ലീഡ് ആണ് ഉയര്‍ത്തുന്നത്. ഇത്തവണ വീണ്ടും അക്കൗണ്ട് തുറക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്ന എന്‍ഡിഎ മൂന്നിടത്താണ് ലീഡ് ഉയര്‍ത്തുന്നത്. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നിലാണ്. വോട്ടെണ്ണലിന്റെ മൂന്ന് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുള്‍ റഷീദ് 2000ലധികം വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്.

14 മന്ത്രിമാര്‍ പിന്നിലാണ്. ബാലഗോപാല്‍, മുഹമ്മദ് റിയാസ് അടക്കം ചുരുക്കം മന്ത്രിമാര്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണുന്ന ഘട്ടത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. എന്നാല്‍ ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ കഥ മാറുന്ന കാഴ്ചയാണ് കണ്ടത്. പതുക്കെ പതുക്കെ യുഡിഎഫ് കുതിക്കുന്നതാണ് പിന്നീട് ദൃശ്യമായത്. ലീഡ് നില 90 കടന്നതോടെ യുഡിഎഫിന് അനൂകൂലമായ ട്രെന്‍ഡ് നടന്നതായാണ് വിലയിരുത്തല്‍. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്നാണ് കണക്കുകൂട്ടല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!