എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചർച്ചകള്‍ ചൂടുപിടിക്കുന്നു

തിരുവനന്തപുരം : എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചർച്ചകള്‍ ചൂടുപിടിക്കുന്നു.

ഭൂരിഭാഗം സർവേകളും യുഡിഎഫിന് ഭരണസാധ്യത കല്‍പ്പിക്കുമ്പോള്‍, ഫലങ്ങളെ തള്ളി ഭരണത്തുടർച്ചയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍ഡിഎഫ്. അഞ്ച് സർവേകള്‍ ബിജെപിക്ക് സീറ്റ് പ്രവചിച്ചത് എൻഡിഎ ക്യാമ്പിലും ആവേശം പകർന്നിട്ടുണ്ട്.

ആക്സിസ് മൈ ഇന്ത്യ ഉള്‍പ്പെടെയുള്ള സർവേകള്‍ പ്രകാരം മധ്യകേരളത്തിലും വടക്കൻ കേരളത്തിലും യുഡിഎഫ് വലിയ മുന്നേറ്റം നടത്തും. എന്നാല്‍ തെക്കൻ കേരളത്തില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ പ്രവചിക്കുന്നത്. എൻഡിടിവി സർവേയും സമാനമായ ഫലമാണ് സൂചിപ്പിക്കുന്നത്. ഭരണമാറ്റം പ്രവചിക്കപ്പെടുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേരും പിന്തുണച്ചത് പിണറായി വിജയനെയാണ്. കോണ്‍ഗ്രസ് പാളയത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പേർ പിന്തുണച്ചത് വി.ഡി. സതീശനെയാണ് (21%). രമേശ് ചെന്നിത്തലയ്ക്ക് 8 ശതമാനവും കെ.സി. വേണുഗോപാലിന് 3 ശതമാനവും പിന്തുണ ലഭിച്ചു.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസത്തില്‍ ഭരണം പിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് നേതൃത്വം. പ്രവചനങ്ങളെക്കാള്‍ വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് നേതാക്കള്‍ അവകാശപ്പെടുന്നു. എക്സിറ്റ് പോളുകളെ പൂർണ്ണമായും തള്ളിക്കളയുന്ന നിലപാടാണ് ഇടത് മുന്നണിയുടേത്. ഗ്രൗണ്ട് റിയാലിറ്റി വ്യത്യസ്തമാണെന്നും ജനവിധി അനുകൂലമാകുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ പ്രതികരിച്ചു. ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും നിർണ്ണായക ശക്തിയാകുമെന്നും ഭൂരിഭാഗം സർവേകളും സൂചിപ്പിക്കുന്നത് ബിജെപിക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!