കോട്ടയം : കോട്ടയം നഗരത്തിലെ പക്ഷി വൈവിധ്യം സാരമായ തോതിൽ കുറഞ്ഞതായി സർവ്വേ റിപ്പോർട്ട്. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസിന്റെ നേതൃത്വത്തിൽ പക്ഷി നിരീക്ഷകർ, വിദഗ്‌ദ്ധർ, ജൂനിയർ നാച്ചുറലിസ്റ്റുകൾ എന്നിവരെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 31 ഇനം പക്ഷികളെ മാത്രമാണ് കണ്ടെത്തിയത്.
മുൻ വർഷം 47 ഇനം പക്ഷികളെ കണ്ടെത്താനായിരുന്നു. വർധിച്ചുവരുന്ന ചൂടിൽ പക്ഷികൾ കൂടുതൽ മരങ്ങൾ നിറഞ്ഞ നഗരപ്രാന്തങ്ങളിലേക്ക് മാറുന്നതാണ് ഇതിനു കാരണമായി കണക്കാക്കുന്നത്. കൂടാതെ ചൂടേറിയ സാഹചര്യങ്ങളിൽ മരപ്പൊത്തുകളിലേക്കും ഇലത്തലപ്പിനുള്ളിലേക്ക് ഒതുങ്ങുന്നതും പക്ഷികളെ കാണുന്നതിൽ തടസമായിട്ടുണ്ട്.

ചിന്നകുട്ടറുവാൻ (White Cheeked Barbet), നാട്ടുമൈന (Common Myna), കാക്കകൾ (Crows), ആനറാഞ്ചി (Racket Tailed Drongo), കാക്കത്തമ്പുരാട്ടി (Balck Drongo), അമ്പലപ്രാവ് ( Rock Pigeon), എന്നിവയാണ് നഗരത്തിൽ ഏറ്റവും അധികമായി കണ്ടത്. ജലപക്ഷികളായ, ചായമുണ്ടി (Purple Heron), ചേരകോഴി (Oriental Darter), എന്നിവയും കണ്ടെത്തി.
നാഗമ്പടം സ്‌റ്റേഡിയം പരിസരത്തുള്ള കൊറ്റില്ലത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു കൂടുകളുടെ എണ്ണം കുറഞ്ഞതായി കാണപ്പെട്ടു. ഒൻപതു മരങ്ങളിലായി ഇരുന്നൂറിൽ താഴെ കൂടുകൾ മാത്രമാണ് കാണാനായത്.
ചേരക്കോഴി(Oriental Darter), ചെറിയ നീർകാക്ക (Little Cormorant)കിന്നരി നീർകാക്ക (Indian Cormorant) എന്നീ പക്ഷികളുടെ കൂടുകളാണ് കാണാനായത്. കഴിഞ്ഞ വർഷം ഒൻപതു മരങ്ങളിലായി അറുന്നൂറോളം കൂടുകളാണ് ഉണ്ടായിരുന്ന ത്. നിരന്തരം വർധിച്ചുവരുന്ന വേനൽ ചൂട് പക്ഷികളുടെ പ്രജനനത്തെയും കൂട് നിർമാണത്തെയും ബാധിച്ചിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
നഗരത്തെ അഞ്ച് സെക്ടറുകളായി തിരിച്ച് നടത്തിയ സർവ്വേയിൽ ഏറ്റവുമധികം പക്ഷികളെ കണ്ടെത്തിയത് സി. എം. എസ്. കോളേജ് ക്യാമ്പസ്സിലും രണ്ടാമതായി ഈരയിൽ കടവിലുമാണ്. നാഗമ്പടം സ്റ്റേഡിയം പരിസരം, കളക്ടറേറ്റ്, പി.ഡബ്ള്യു. ഡി. റസ്റ്റ്‌ഹൌസ് എന്നിവിടങ്ങളിലും കണക്കെടുപ്പ് നടന്നു.
ഡോ. പുന്നൻ കുര്യൻ വേങ്കടത്ത് ,അജയകുമാർ എം എൻ, ശരത് ബാബു എൻ ബി, അനൂപാ മാത്യൂസ്, സുഹാന എന്നിവരുടെ നേതൃത്വത്തിൽ നടന്ന സർവ്വേയിൽ ടൈസ് ജൂനിയർ നാച്ചുറലിസ്റ്റുകൾ ഉൾപ്പെടെ മുപ്പത്തോളം പേർ പങ്കെടുത്തു..
