‘സുജിത്ത് ബലംപ്രയോഗിച്ച് പീഡനത്തിനിരയാക്കി’: വഞ്ചിയൂർ വെടിവെപ്പ് കേസിൽ പരാതിയുമായി വനിതാ ഡോക്ടർ

തിരുവനന്തപുരം: വഞ്ചിയൂര്‍ വെടിവെപ്പ് കേസില്‍ അക്രമണത്തിന് ഇരയായ യുവതിയുടെ ഭർത്താവിനെതിരെ പീഡന പരാതിയുമായി പ്രതിയായ വനിതാ ഡോക്ടര്‍. വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജിത്തിനെതിരെയാണ് യുവതി പരാതി നൽകിയത്. തുടർന്ന് സുജിത്തിനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സുജിത്ത് തന്നെ ബലംപ്രയോഗിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നാ ണു വനിതാ ഡോക്ടറുടെ പരാതി. ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്താണു പീഡനം നടന്നത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തുടര്‍ന്ന് സുജിത്ത് മാലദ്വീപിലേക്ക് പോയെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് സുജിത്തിനെ പൊലീസ് ചോദ്യം ചെയ്യും.

ഭർത്താവിനോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് വീട്ടിലെത്തി യുവതിയെ ആക്രമിച്ചതെന്ന് അറസ്റ്റിലായ വനിതാ ഡോക്ടർ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. സുഹൃത്തായിരുന്ന സുജിത്ത് തന്നെ മാനസികമായി തകര്‍ക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്‌തു. പല തവണ വിളിച്ചിട്ടും സന്ദേശങ്ങള്‍ അയച്ചിട്ടും പ്രതികരണം ഉണ്ടായില്ല. ഇതോടെ സുജിത്തിനെ വേദനിപ്പിക്കാനായാണ് തിരുവനന്തപുരത്തെ വീട്ടിലെത്തി ഭാര്യയെ വെടിവച്ചത് എന്നാണ് ഇവർ പറഞ്ഞത്.

വെടിവയ്പ് കേസില്‍ പങ്കില്ലെന്നു സമര്‍ഥിക്കാന്‍ ഒട്ടേറെ കള്ളങ്ങള്‍ നിരത്തി രക്ഷപ്പെടാന്‍ ശ്രമിച്ച വനിത ഡോക്ടർ, ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കുറ്റം സമ്മതിച്ചത്. വെടിവയ്പിന് ഇരയായ എന്‍എച്ച്എം പിആര്‍ഒ ഷിനിയെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നു മറുപടി. ഇവരുടെ ഭര്‍ത്താവ് സുജിത്തിനെ പരിചയമുണ്ടോ എന്നു ചോദിച്ചപ്പോഴും അറിയില്ലെന്നാണ് ആദ്യം പറഞ്ഞത്. ഒടുവില്‍, കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ഇരുവരും ജോലി ചെയ്തിരുന്നതു മുതലുള്ള സൗഹൃദത്തെക്കുറിച്ചുള്ള വിവരങ്ങളും ആക്രമണവുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകളും നിരത്തി പൊലീസ് ചോദ്യം ചെയ്തതോടെ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

വനിതാ ഡോക്ടറെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ഷിനിയുടെ വീട്ടില്‍ എത്താന്‍ ഉപയോഗിച്ച കാര്‍ ഭര്‍ത്താവിന്റെ ആയൂരിലെ വീട്ടില്‍നിന്നു പൊലീസ് കണ്ടെത്തി. ഷിനിയെ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് ഓണ്‍ലൈന്‍ വഴിയാണ് വാങ്ങിയതെന്നും കണ്ടെത്തി. ഞായര്‍ രാവിലെ എട്ടരയോടെ ഷിനിയുടെ വീട്ടിലെത്തിയ ഡോക്ടർ എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചു മൂന്നു തവണ വെടിയുതിര്‍ത്തു. ആക്രമണം ചെറുക്കുന്നതിനിടെ മൂന്നാമത്തെ പെല്ലറ്റ് വലതു കൈവെള്ളയില്‍ തുളഞ്ഞു കയറിയാണ് ഷിനിക്കു പരുക്കേറ്റത്. ചികിത്സയിലായിരുന്ന ഷിനി ആശുപത്രിവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!