രോഗികളുടെ പടം വെച്ച്
ചികിത്സാ പേരിൽ വ്യാജ
പിരിവ്… തട്ടിപ്പ്
സംഘത്തെ ബക്കറ്റും
വാഹനവും സഹിതം
നാട്ടുകാർ പൊക്കി

മലപ്പുറം : രോഗികളുടെ ദയനീയാവസ്ഥ കാണിച്ച് ജനങ്ങളിൽ നിന്ന് പണം തട്ടുന്ന സംഘം മലപ്പുറം തിരൂരിൽ പിടിയിലായി. തൃപ്രങ്ങോട് പഞ്ചായത്തിലെ കൈനിക്കരയിൽ വാഹനത്തിലെത്തി പണപ്പിരിവ് നടത്തുന്നതിനിടെയാണ് സംഘത്തെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്.

രോഗികളുടെ ചിത്രം പതിച്ച ഫ്ലക്സ് ബോർഡുകളും അനൗൺസ്‌മെന്റ് സംവിധാനങ്ങളുമായി വീടുകൾ കേന്ദ്രീകരിച്ച് പണപ്പിരിവ് നടത്തുകയായിരുന്നു സംഘം. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പ്രദേശത്തെ യുവാക്കൾ വാഹനം തടഞ്ഞുനിർത്തി ചോദ്യം ചെയ്തതോടെയാണ് കള്ളം പുറത്തായത്. ചികിത്സയിലുള്ള രോഗിയെക്കുറിച്ചോ ആശുപത്രിയെക്കുറിച്ചോ കൃത്യമായ വിവരങ്ങൾ നൽകാൻ പിരിവ് സംഘത്തിന് കഴിഞ്ഞില്ല. ചോദ്യം ചെയ്യലിൽ ഇവർ പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞതോടെ നാട്ടുകാർ സംഘടിച്ചു.

നാട്ടുകാർ കൂടുന്നത് കണ്ടതോടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ പിരിച്ചെടുത്ത പണമടങ്ങിയ ബക്കറ്റ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. തിരൂർ പോലീസ് സ്ഥലത്തെത്തി വാഹനത്തിന്റെ ഡ്രൈവറെയും പണപ്പിരിവ് നടത്തിയിരുന്ന മറ്റൊരാളെയും കസ്റ്റഡിയിലെടുത്തു. ഇവർ ഉപയോഗിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യഥാർത്ഥത്തിൽ സഹായം അർഹിക്കുന്ന രോഗികൾക്ക് ലഭിക്കേണ്ട തുക ഇത്തരം തട്ടിപ്പുകാർ തട്ടിയെടുക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി. രക്ഷപ്പെട്ട പ്രതിക്കായി തിരൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!