വിലയേറിയ 50 വിദേശ മദ്യ കുപ്പികള്‍; റബര്‍ ബാന്‍ഡിട്ട് ചുരുട്ടിയ 60,000 രൂപ; കൈക്കൂലി കേസില്‍ എറണാകുളം ആര്‍ടിഒ അറസ്റ്റില്‍

കൊച്ചി: കൈക്കൂലി കേസില്‍ എറണാകുളം ആര്‍ടിഒ വിജിലന്‍സിന്റെ പിടിയില്‍. ആര്‍ടിഒ ടിഎം ജെയ്‌സണാണ് പിടിയിലായത്. കൂടാതെ രണ്ട് ഏജന്റുമാരും പിടിയിലായിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ നിന്ന് 50ലധികം വിദേശ മദ്യകുപ്പികളും അറുപതിനായിരം രൂപയും കണ്ടെടുത്തു

ഇന്ന് വൈകീട്ട് വിജിലന്‍സ് എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫോര്‍ട്ട് കൊച്ചി – ചൊല്ലാനം റൂട്ടില്‍ ഓടുന്ന ബസിന്റെ പെര്‍മിറ്റ് സംബന്ധിച്ച് ഇയാള്‍ക്കെതിരെ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയതെന്ന് എസ്പി എസ് ശശിധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പിടിയിലായ ഏജന്റ് സജി ആര്‍ടിഒയുടെ അടുത്തയാളാണെന്നും എസ്പി പറഞ്ഞു. വീട്ടില്‍ നടത്തിയ റെയ്ഡില്‍ വിലയേറിയ വിദേശമദ്യത്തിന്റെ 50 കുപ്പികളും റബര്‍ ബാന്‍ഡിട്ട് ചുരുട്ടിയ നിലയില്‍ 60,000 രൂപയും കണ്ടെടുത്തു. കൂടാതെ 50 ലക്ഷത്തില്‍പ്പരം ഡെപ്പോസിറ്റ് നടത്തിയതിന്റെ രേഖകളും സ്ഥലം വാങ്ങിയതിന്റെ രേഖകളും കണ്ടെടുത്തതായി വിജിലന്‍സ് എസ്പി പറഞ്ഞു. അറസ്റ്റിലായ മൂവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!