തിരുവനന്തപുരം: മരണാനന്തരവും അഞ്ച് പേർക്ക് വെളിച്ചമായി മാറി തിരുവനന്തപുരം സ്വദേശി കൃഷ്ണലാൽ. വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച കൃഷ്ണലാലിന്റെ (33) അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം എടുത്ത തീരുമാനം അഞ്ച് പേർക്കാണ് പുതുജീവൻ നൽകുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെച്ചാണ് അവയവമാറ്റ നടപടികൾ പൂർത്തിയായത്.
കൃഷ്ണലാലിന്റെ ഹൃദയവുമായി എയർ ആംബുലൻസ് ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയത്തേക്ക് പുറപ്പെടും. അവിടെ ചികിത്സയിൽ കഴിയുന്ന രോഗിക്കാണ് ഹൃദയം വെച്ചുപിടിപ്പിക്കുന്നത്. രണ്ട് വൃക്കകൾ, കരൾ, കണ്ണുകൾ എന്നിവ തിരുവനന്തപുരത്തെ വിവിധ സ്വകാര്യ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവർക്ക് കൈമാറും.
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കൃഷ്ണലാലിന് കിംസ് ആശുപത്രിയിൽ വെച്ചാണ് മസ്തിഷ്കമരണം സംഭവിച്ചത്. പ്രിയപ്പെട്ടവന്റെ വിയോഗവാർത്ത താങ്ങാനാവുന്നതിലും അപ്പുറമായിരുന്നിട്ടും, അവന്റെ അവയവങ്ങളിലൂടെ മറ്റുള്ളവർ ജീവിക്കട്ടെ എന്ന ഉറച്ച തീരുമാനം കുടുംബം കൈക്കൊള്ളുകയായിരുന്നു. അവയവങ്ങൾ കൃത്യസമയത്ത് എത്തിക്കുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.
