മുണ്ടക്കൈ-ചൂരൽമല
പുനരധിവാസം….
പിരിച്ചെടുത്ത
തുകയുടെ
കണക്കുകൾ
പുറത്തുവിട്ട്
കോൺഗ്രസ്

കണ്ണൂർ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കെപിസിസി സമാഹരിച്ച തുകയുടെ കൃത്യമായ കണക്കുകൾ പുറത്തുവിട്ടു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് വാർത്താസമ്മേളനത്തിൽ കണക്കുകൾ വിശദീകരിച്ചത്. ആകെ 5,38,21,632 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്കാണ് തുക എത്തിയത്. ഇതിൽ യൂത്ത് കോൺഗ്രസ് മാത്രം ഒരു കോടി അഞ്ച് ലക്ഷം രൂപ നൽകി. ഭവന നിർമ്മാണത്തിനായി അഞ്ച് ഏക്കർ നാല്പത്തി രണ്ടര സെന്റ് ഭൂമിയാണ് പാർട്ടി ഏറ്റെടുത്തിരിക്കുന്നത്. മൂന്ന് ഏക്കർ 24 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിന് 3,68,36,388 രൂപ ചെലവായി. ബാക്കി ഭൂമിക്കായി 2,50,30,272 രൂപയും ചെലവിട്ടു. ഭൂമി വാങ്ങുന്നതിനായി പിരിച്ചുകിട്ടിയ തുകയേക്കാൾ 97 ലക്ഷം രൂപ അധികമായി കെപിസിസി ഫണ്ടിൽ നിന്ന് ചെലവഴിച്ചു.

ഭൂമി രജിസ്‌ട്രേഷനായി ഇനിയും 73 ലക്ഷം രൂപ കൂടി ആവശ്യമുണ്ട്. ഈ തുക പാർട്ടി ഫണ്ടിൽ നിന്ന് തന്നെ കണ്ടെത്തുമെന്ന് സണ്ണി ജോസഫ് അറിയിച്ചു. വീട് നിർമ്മാണത്തിനായി ഇനി പൊതുജനങ്ങളിൽ നിന്ന് പണം പിരിക്കില്ലെന്നും ആവശ്യമായ തുക പാർട്ടി തന്നെ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തബാധിതർക്ക് എത്രയും വേഗം വീടുകൾ നിർമ്മിച്ച് നൽകാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. കൃത്യമായ ഓഡിറ്റിംഗിലൂടെ സുതാര്യമായ രീതിയിലാണ് ഫണ്ട് വിനിയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!