ന്യൂഡൽഹി : ഹോർമുസ് കടലിടുക്കിലെ ചരക്കു നീക്കം നിലച്ചതിൽ കടുത്ത ആശങ്ക അറിയിച്ചതിന് പിന്നാലെ റഷ്യൻ എണ്ണ കൂടുതലായി വാങ്ങാനുള്ള നീക്കം സജീവമാക്കി ഇന്ത്യ.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് യു കെ വിളിച്ചയോഗത്തിൽ ഇന്ത്യ ശക്തമായ നിലപാടാണ് അറിയിച്ചത്. 60 രാജ്യങ്ങൾ പങ്കെടുത്ത യോഗത്തിൽ കടലിടുക്കിലെ ചരക്കു നീക്കം നിലച്ചതിൽ കടുത്ത ആശങ്ക ഇന്ത്യ അറിയിച്ചു.
നയതന്ത്ര നീക്കത്തിലൂടെ സമാധാനം പുനഃസ്ഥാപിക്കണം എന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കുകയും ചെയ്തു. ചർച്ചയ്ക്ക് ഒടുവിലെ പ്രസ്താവനയിൽ ഇന്ത്യയുടെ നിലപാടും ഉൾപ്പെടുത്തിയത് നേട്ടമായി. ഹോർമുസിൽ സൈനിക നീക്കം ഉണ്ടായാൽ ഇന്ത്യ പങ്കാളിയാവില്ലെന്നാണ് സർക്കാർ നൽകുന്ന സൂചന.
ഊർജ്ജ പ്രതിസന്ധി മറികടക്കാൻ റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുന്നതിൽ കേന്ദ്രം ചർച്ച നടത്തി. ഇന്ത്യയിലെത്തിയ റഷ്യൻ ഉപപ്രധാനമന്ത്രിയുമായി നരേന്ദ്ര മോദി ഈക്കാര്യം സംസാരിച്ചു.
