തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിലെ സമഗ്ര വികസനം ലക്ഷ്യമിട്ട് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വികസന മാർഗ്ഗരേഖ പുറത്തിറക്കി. മണ്ഡലത്തിൽ നിലവിലുള്ള രാഷ്ട്രീയ ശൈലിക്ക് മാറ്റം വരുത്താനാണ് താൻ മത്സരിക്കുന്നതെന്നും ഈ മാർഗ്ഗരേഖ ജനങ്ങളുമായുള്ള ഒരു ‘സോഷ്യൽ കോൺട്രാക്ട്’ ആണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ആറ്റുകാൽ ടൗൺഷിപ്പ് നിർമ്മാണം, ചരിത്രപ്രസിദ്ധമായ കിരീടം പാലം നവീകരിച്ച് സാംസ്‌കാരിക-വാണിജ്യ കേന്ദ്രമാക്കുക, വിജയമോഹിനി മിൽ ആധുനികവൽക്കരിച്ച് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് മാർഗ്ഗരേഖയിലെ പ്രധാന ഇനങ്ങൾ. വെള്ളായണി കായലിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്നും ആരോഗ്യ-കായിക മേഖലകളിൽ വൻ വികസനം കൊണ്ടുവരുമെന്നും രാജീവ് ചന്ദ്രശേഖർ ഉറപ്പുനൽകി.
തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കുന്നത് ബിജെപിയായ സാഹചര്യത്തിൽ നേമത്ത് ബിജെപി എംഎൽഎ കൂടി ഉണ്ടായാൽ കേന്ദ്ര സർക്കാരുമായി സഹകരിച്ച് വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാർത്താസമ്മേളനത്തിനിടെ തിരുവല്ലം സിപിഐ ലോക്കൽ കമ്മിറ്റി അംഗവും മുൻ കൗൺസിലറുമായ ജി.എസ്. ബിന്ദു ഉൾപ്പെടെയുള്ള ഇടത് നേതാക്കൾ ബിജെപിയിൽ ചേർന്നത് എൻഡിഎ ക്യാമ്പിന് വലിയ ആവേശം പകർന്നു.
എൽഡിഎഫിനായി സിറ്റിംഗ് എംഎൽഎ വി. ശിവൻകുട്ടിയും യുഡിഎഫിനായി കെ.എസ്. ശബരീനാഥനും നേമത്ത് മത്സരരംഗത്തുണ്ട്. ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. നേമത്തെ വികസന മുരടിപ്പിന് അറുതി വരുത്തുമെന്ന വാഗ്ദാനവുമായാണ് രാജീവ് ചന്ദ്രശേഖർ വോട്ട് അഭ്യർത്ഥിക്കുന്നത്. പ്രായോഗികമായ പദ്ധതികൾ മാത്രമാണ് മാർഗ്ഗരേഖയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
നേമത്ത് മാറ്റത്തിന്റെ
മാർഗ്ഗരേഖ…വികസന
വാഗ്ദാനങ്ങളുമായി
രാജീവ് ചന്ദ്രശേഖർ..
