കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറണം. റിപ്പോർട്ടിൽ സ്വീകരിച്ച നടപടികളെ കുറിച്ച് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കണം. നടപടികളിൽ തിടുക്കം പാടില്ലെന്ന് നിർദേശിച്ച കോടതി എഫ്ഐആർ വേണോ എന്ന് റിപ്പോർട്ട് പരിശോധിച്ചുമാത്രം തീരുമാനിക്കാമെന്നും അഭിപ്രായപ്പെട്ടു.
സർക്കാർ നിഷ്ക്രിയത്വം കാണിച്ചെന്ന് കോടതി കുറ്റപ്പെടുത്തി. മൂന്നു വർഷം സർക്കാർ നടപടിയെടുത്തില്ലെന്നത് ആശ്ചര്യമുളവാക്കുന്നതാണ്. റിപ്പോർട്ടിൽ ബലാത്സംഗം, പോക്സോ കേസുകൾ റജിസ്‌റ്റർ ചെയ്യാനുള്ള വസ്തുതയുണ്ട്. കേസെടുക്കാനുള്ള സാഹചര്യമില്ലെന്ന സർക്കാർ വാദം എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാനാണ് കമ്മിറ്റി വച്ചതെന്നും റിപ്പോർട്ടിൽ പരാതിക്കാരെ കുറിച്ചോ പരാതി എന്തെന്നോ ഇല്ലെന്നായിരുന്നു സർക്കാർ വാദം. 2021ൽ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.