മകന്റെ രോഗം മാറാൻ മകളെ ബലി നൽകി… 13-കാരിയെ കൊലപ്പെടുത്തിയ അമ്മയും മന്ത്രവാദിനിയും അറസ്റ്റിൽ

ഹസാരിബാഗ് : അന്ധവിശ്വാസത്തിന്റെ പേരിൽ 13 വയസ്സുകാരിയെ സ്വന്തം അമ്മയും മന്ത്രവാദിനിയും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി.

ജാർഖണ്ഡിലെ ഹസാരിബാഗിൽ മകന്റെ രോഗശാന്തിക്കായി കന്യകയെ ബലി നൽകണമെന്ന മന്ത്രവാദിനിയുടെ വാക്ക് വിശ്വസിച്ചാണ് അമ്മ ഈ കൊടുംക്രൂര തയ്ക്ക് മുതിർന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ രശ്മി ദേവി, മന്ത്രവാദിനി ശാന്തി ദേവി, സഹായി ഭീം റാം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിയായ രശ്മി ദേവിയുടെ മകന് ശാരീരികവും മാനസികവുമായ അവശതകളുണ്ടായിരുന്നു. മകന്റെ രോഗം മാറാൻ കന്യകയെ ബലി നൽകണമെന്ന് മന്ത്രവാദിനി ശാന്തി ദേവി ഇവരെ വിശ്വസിപ്പിച്ചു. മാർച്ച് 24-ന് അഷ്ടമി ദിനത്തിൽ ബലി നൽകണമെന്നായിരുന്നു നിർദ്ദേശം. രാംനവമി ആഘോഷങ്ങളുടെ ശബ്ദഘോഷങ്ങൾക്കിടെയാണ് മന്ത്രവാദിനിയുടെ വീട്ടിൽ വെച്ച് കൊലപാതകം നടന്നത്. ഭീം റാമിന്റെ സഹായത്തോടെ രശ്മി സ്വന്തം മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം മന്ത്രവാദിനി പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ തടിക്കഷ്ണങ്ങൾ കുത്തിക്കയറ്റി ക്രൂരത കാട്ടിയെന്നും പോലീസ് കണ്ടെത്തി.

കേസിൽ അറസ്റ്റിലായ ഭീം റാം നേരത്തെ ഭാര്യാസഹോദരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. മറ്റൊരു കൊലക്കേസിലും ഇയാൾക്ക് പങ്കുണ്ടെന്ന് ഹസാരിബാഗ് പോലീസ് വ്യക്തമാക്കി.

പെൺകുട്ടിയെ കാണാതായതിനെത്തുട ർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. എസ്.പി അഞ്ജനി അൻജാൻ, ഡി.ഐ.ജി അഞ്ജനി ഝാ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ കർശനമായ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!