തിരുവനന്തപുരം : കേരളത്തിലെ ഉത്സവങ്ങളില്‍ ഒഴിച്ചുകൂടാകാത്ത ചടങ്ങാണ് ആന എഴുന്നള്ളിപ്പ്. ആചാരങ്ങളും പതിവുകളും നിരത്തി ആന എഴുന്നെള്ളിപ്പിനുള്ള അനുകൂല വാദങ്ങള്‍ ഉയരുമ്പോഴും സംസ്ഥാനത്ത് വിവിധ ആഘോഷങ്ങള്‍ക്കിടെ ഉണ്ടാകുന്ന ആന ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. 2024 ല്‍ ഒമ്പത് പേരാണ് സംസ്ഥാനത്ത് വിവിധ ചടങ്ങുകള്‍ക്കിടെ ഉണ്ടായ ആനയുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. എന്നാല്‍, 2025 ലെ മൂന്ന് മാസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ പൊലീസ് കണക്കുകള്‍ പ്രകാരം ഏഴ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു.
കോഴിക്കോട് കൊയിലാണ്ടിയില്‍ ഉണ്ടായ ഒരു സംഭവത്തില്‍ മാത്രം മൂന്ന് പേരാണ് ഈ വര്‍ഷം കൊല്ലപ്പെട്ടത്. തൃശ്ശൂരില്‍ രണ്ട് പേരും മലപ്പുറം തിരൂര്‍, പാലക്കാട് കൂറ്റനാട് എന്നിവിടങ്ങളില്‍ ഓരോ വ്യക്തികളും കൊല്ലപ്പെട്ടിട്ടുണ്ട്. 2023 ല്‍ 11 മരണങ്ങളാണ് സംസ്ഥാനത്താകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ആനകളുടെ ജൈവികമായ സാഹചര്യങ്ങളും ഉത്സവകാലത്തെ ആക്രമണങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് വെറ്ററനറി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ലൈംഗികതയെ നിയന്ത്രിക്കുന്ന ഹോര്‍മോണായ റ്റെസ്റ്റാസ്റ്ററോണിന്റെ അളവ് ആനകളില്‍ വര്‍ധിക്കുന്ന സമയമാണ് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലം. ഇതിനൊപ്പം ഉത്സവങ്ങളിലെ സാചര്യങ്ങളും മതിയായ വെള്ളം, ഭക്ഷണം, വിശ്രമം എന്നിവയുടെ കുറവും ആനകളെ അക്രമാസക്തരാക്കുന്നു.
ആനകളിലെ ടെസ്റ്റോസ്റ്റിറോണ്‍ അളവിന്റെ സുരക്ഷിതമായ തോത് 5 -8 വരെയാണ്, നാട്ടാനകളില്‍ ഇത് 15 – 20 വരെ ഉയരുന്ന നിലയുണ്ട്. ഈ സാഹചര്യം ആനകളെ അക്രമാസക്തരാക്കുന്ന നിലയുണ്ട്. ഈ സമയം ആനകള്‍ക്ക് വിശ്രമവും പരിചരണവും ആവശ്യമാണ്. എന്നാല്‍ നിരന്തരം ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കുകയും അതി ഭയങ്കരമായ ശബ്ദങ്ങള്‍ക്കിടയില്‍ മണിക്കൂറുകള്‍ നില്‍ക്കുകയും ചെയ്യേണ്ടിവരുന്നു. സാഹചര്യം പരിധിവിടുമ്പോഴാണ് ആനകള്‍ അക്രമാസക്തരാകുന്നത്. കൊല്ലം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഡി ഷൈന്‍ കുമാര്‍ പറയുന്നു.
‘ആനകള്‍ക്ക് പലപ്പോഴും അവയ്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണമല്ല ലഭിക്കുക. ചില ആനകള്‍ തെങ്ങിന്റെ പട്ടകള്‍ ഇഷ്ടപ്പെടുമ്പോള്‍, മറ്റ് ആനകള്‍ വാഴപ്പഴവും മറ്റും ഇഷ്ടപ്പെട്ടേക്കാം. കുടിവെള്ള ക്ഷാമവും വിശ്രമമില്ലായ്മയും ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും, ഇതും ആനകളെ ആക്രമാസക്തരാക്കിയേക്കാം ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആനകള്‍ നേരിടുന്ന പീഡനങ്ങളും അവ അക്രമാസക്തരാകാന്‍ കാരണമാകുന്നുണ്ടെന്ന് ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്സ് സെക്രട്ടറി വി കെ വെങ്കിടാചലം ചൂണ്ടിക്കാട്ടുന്നു. ആന എഴുന്നെള്ളത്തുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പലപ്പോഴും പാലിക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
‘ചട്ടങ്ങള്‍ പ്രകാരം, ആനകളെ തുടര്‍ച്ചയായി ആറ് മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കാന്‍ പാടില്ല. ഒരു രാത്രി ആനയെ എഴുന്നള്ളിച്ചാല്‍, അടുത്ത ദിവസം എഴുന്നള്ളിക്കാന്‍ പാടില്ല. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 4 മണി വരെ പണിയെടുപ്പിക്കരുത്. ഒരേസമയം മൂന്ന് ആനകളില്‍ കൂടുതല്‍ ക്ഷേത്രപരിസരത്ത് പ്രവേശിക്കാന്‍ പാടില്ല. ഉത്സവങ്ങളില്‍ ഭക്തര്‍ ആനയില്‍ നിന്ന് ഒരു മീറ്റര്‍ അകലം പാലിക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിട്ടുണ്ട്. എന്നിരുന്നാലും, സര്‍ക്കാര്‍ ഈ നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെടുന്നത് പതിവാണ്. ഈ നിയമങ്ങള്‍ ആവര്‍ത്തിച്ച് അവഗണിക്കപ്പെടുന്നതും അക്രമ സംഭവങ്ങള്‍ തുടാന്‍ കാരണമാകുന്നതായും,’ വെങ്കിടാചലം പറഞ്ഞു.
