ഇന്ന് ഓശാന ഞായർ, ദേവാലയങ്ങളിൽ കുരുത്തോല വാഴ്‌വിൻ്റെ ശുശ്രൂഷ…

തിരുവനന്തപുരം : വിവിധ ദേവാലയങ്ങളില്‍ നടക്കുന്ന ഓശാന ഞായർ ശുശ്രൂഷകളില്‍  സഭാമേലധ്യക്ഷന്മാർ കാർമികത്വം വഹിക്കും.

ഓശാന പെരുന്നാൾ ദിനമായ ഇന്ന് റോം സമയം രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്‌സ് സ്ക്വയറില്‍ ദിവ്യബലിയ്ക്കും കുരുത്തോല വെഞ്ചിരിപ്പിനും ലെയോ പാപ്പ മുഖ്യകാര്‍മ്മികനാകും.
ലെയോ പാപ്പ പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യത്തെ വിശുദ്ധ വാരത്തിനാണ് വത്തിക്കാന്‍ ചത്വരം സാക്ഷിയാകുക. പതിനായിരകണക്കിന് വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും.രാവിലെ 7 മണിക്ക് സെന്റ് മേരിസ് ബസിലിക്കയില്‍ നടക്കുന്ന ഓശാന തിരുക്കർമ്മങ്ങള്‍ക്ക് മേജർ ആർച്ച്‌ ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍ മുഖ്യകാർമികനാകും.

കോട്ടയം പാമ്പാടി ദയറായിൽ രാവിലെ ഓശാന ശുശ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ മുഖ്യ കാർമികനാവും

പാളയം സെന്റ് ജോസഫസ് മെട്രോപ്പൊളിറ്റൻ കത്തീഡ്രലില്‍  രാവിലെ ഏഴിന് ആരംഭിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്കും കുരുത്തോല വെഞ്ചിരിപ്പിനും മറ്റു ഓശാന ശുശ്രൂഷകള്‍ക്കും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്‌ ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ മുഖ്യകാർമികനായിരിക്കും. വൈകുന്നേരം 4.30ന് കുരിശിൻ്റെ വഴിയും വിശുദ്ധ കൂർബാനയുമുണ്ടാകും.

കോട്ടയം പൊൻപള്ളി സെൻ്റ് ജോർജ് യാക്കോബായ പള്ളിയിലെ ഓശാന ശുശ്രൂഷകൾക്ക് ശ്രേഷ്ഠ ബാവ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക നേതൃത്വം നൽകും.

പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയല്‍ കത്തീഡ്രലില്‍ ഓശാനയുടെ തിരുക്കർമങ്ങൾ രാവിലെ 6.30ന് ആരംഭിക്കും. മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്‌ ബിഷപ്പ് കർദ്ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാർമികനായിരിക്കും.

കുരുത്തോല വാഴ്‌വിൻ്റെ ശുശ്രൂഷ, പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നീ തിരുക്കർമങ്ങളുണ്ടാകും.
രാവിലെ 10.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാനയുണ്ടാകും. 6.30ന് സന്ധ്യാനമസ്‌കാരവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!