ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 106 റൺസിന്റെ ജയം; ജസ്പ്രീത് ബുമ്ര കളിയിലെ താരം

വിശാഖപട്ടണം: വിശാഖപട്ടണം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 106 റൺസിന്റെ വിജയം. ഇന്ത്യൻ ബൗളർമാർ മേധാവിത്വം പുലർത്തിയ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ പ്രതിരോധം 291 റൺസിന്‌ അവസാനിക്കുകയായിരുന്നു. ആദ്യ ഇന്നിംഗിസിൽ ആറു വിക്കറ്റ് എടുക്കുകയും രണ്ടാം ഇന്നിംഗ്‌സിൽ നിർണ്ണായക സമയത്ത് കളി നിയന്ത്രണത്തിൽ കൊണ്ട് വരുകയും ചെയ്ത ജസ്പ്രീത് ബുമ്രയാണ് കളിയിലെ താരം.

67/1 എന്ന നിലയിൽ നാലാം ദിനം പുനരാരംഭിച്ച രെഹാൻ അഹമ്മദ് (23) ഇംഗ്ലണ്ടിനെ അഞ്ച് ബൗണ്ടറികൾ അടിച്ച് നല്ല തുടക്കത്തിലേക്ക് നയിച്ചുവെങ്കിലും അക്‌സർ പട്ടേലിന്റെ ബോളിൽ വിക്കറ്റിന് മുമ്പിൽ കുടുങ്ങി.

ഒല്ലി പോപ്പും (23) ജോ റൂട്ടും (16) മികച്ച നിരക്കിൽ കളി മുന്നോട്ട് കൊണ്ട് പോയിരിന്നുവെങ്കിലും വേഗത്തിൽ റൺസ് എടുക്കാനുള്ള ശ്രമത്തിനിടെ അശ്വിന് വിക്കറ്റ് കൊടുക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സിൽ ആറ് വിക്കറ്റ് വീഴ്ത്തിയ ബുംറ, ഉച്ചഭക്ഷണത്തിന് മുമ്പുള്ള അവസാന പന്തിൽ ജോണി ബെയർസ്റ്റോയെ (26) ലെഗ് ബിഫോറിനെ പുറത്താക്കികൊണ്ട് ഇന്ത്യയെ കളിയിലേക്ക് തിരിച്ചു കൊണ്ടുവന്നു. തുടർന്ന് മികച്ച ഫീൽഡിങ്ങിലൂടെ ശ്രേയസ് അയ്യർ സ്റ്റോക്സിനെ റൺ ഔട്ട് ആക്കിയത് കളിയിൽ നിർണ്ണായകമായി.

തുടർന്ന് ഇനി കാര്യങ്ങൾ പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നിയ സ്ഥലത്തു നിന്നും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബെൻ ഫോക്‌സും ടോം ഹാർളിയും ചേർന്ന് പൂർത്തിയാക്കിയ അർദ്ധ സെഞ്ച്വറി കൂട്ടുകെട്ട് ഇന്ത്യയെ ഒരല്പം പരിഭ്രമിപ്പിക്കുക തന്നെ ചെയ്തു. എന്നാൽ തന്ത്രപരമായ ബൗളിങ്ങിലൂടെ ഫോക്സിനെ പുറത്താക്കി ജസ്പ്രീത് ബുമ്ര വീണ്ടും ഇന്ത്യയെ കളിയിലേക്ക് മടക്കി കൊണ്ടുവരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!