കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം തുടങ്ങി.
എക്‌സാലോജിക് കമ്പനിയുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ടാണ് കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിന്റെ ആലുവയിലുള്ള കോര്‍പറേറ്റ് ഓഫിസിലെ റെയ്ഡ്. എസ്എഫ്‌ഐഒ ഡപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ റെയ്ഡിനെത്തിയത്.
കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിന്റെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) നടത്തുന്ന റെയ്ഡില്‍ ഇ ഡി സംഘവും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.
എക്സാലോജിക് കമ്പനിയും സിഎംആര്‍എല്ലും തമ്മില്‍ നടത്തിയ ഇടപാടുകളാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് സംഘം പരിശോധിക്കുന്നത്. അഞ്ചുദിവസം മുമ്പാണ് എസ്എഫ്‌ഐഒ അന്വേഷണം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എട്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
എക്‌സാലോജിക് മാത്രമല്ല, സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങിയ വിവിധ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം എസ്എഫ്‌ഐഒ അന്വേഷണത്തില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. മകള്‍ കമ്പനി തുടങ്ങിയത് അമ്മ നല്‍കിയ പണം ഉപയോഗിച്ചാണെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും പിണറായി വിജയന്‍ നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു.