തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ പൊതു അവധി ദിവസങ്ങളിൽ സ്വീകരിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 (തിങ്കൾ) ആണ്.
1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 33(1) പ്രകാരം പൊതു അവധി ദിവസങ്ങളിൽ വരണാധികാരികൾക്ക് നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കാൻ അനുവാദമില്ല.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം മാർച്ച് 20 വെള്ളിയാഴ്ച (ഈദുൽ ഫിത്തർ/റംസാൻ) പൊതു അവധിയായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ ഈ ദിവസം പത്രികകൾ സ്വീകരിക്കില്ല.
പത്രികാ സമർപ്പണത്തിന് പരിമിതമായ സമയം മാത്രമേ ലഭ്യമാകൂ എന്നതിനാൽ, രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് ഇതു സംബന്ധിച്ച് കൃത്യമായ നിർദ്ദേശം നൽകണമെന്നും സമയബന്ധിതമായി പത്രികകൾ സമർപ്പിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ അറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർച്ച് 16-ലെ വിജ്ഞാപന പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചായിരിക്കണം പത്രികാ സമർപ്പണം.
