ആന്റണി രാജുവിന് കുരുക്ക് മുറുകുന്നു; അയോഗ്യൻ തന്നെ: ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഇടത് മുന്നണിയെയും ജനാധിപത്യ കേരള കോൺഗ്രസിനെയും പ്രതിസന്ധിയിലാക്കി മുൻ മന്ത്രി ആന്റണി രാജുവിന് ഹൈക്കോടതിയിൽ നിന്നും കനത്ത തിരിച്ചടി.

തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ കീഴ്ക്കോടതി വിധിച്ച മൂന്ന് വർഷത്തെ തടവുശിക്ഷ സ്റ്റേ ചെയ്യണമെന്ന ആന്റണി രാജുവിന്റെ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി. ജയചന്ദ്രന്റെ സിംഗിൾ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ഇതോടെ വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആന്റണി രാജുവിന്റെ മോഹങ്ങൾ അസ്തമിച്ചു. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള അയോഗ്യത നിലനിൽക്കുന്നതിനാൽ അദ്ദേഹത്തിന് ഇനി ബാലറ്റ് പേപ്പറിൽ ഇടംപിടിക്കാനാവില്ല.

ഓസ്‌ട്രേലിയൻ പൗരൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടി പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചു എന്ന അതീവ ഗുരുതരമായ കുറ്റമാണ് ആന്റണി രാജുവിനെ വേട്ടയാടുന്നത്. അന്ന് സീനിയർ അഭിഭാഷകന്റെ ജൂനിയറായിരുന്ന ആന്റണി രാജു, കോടതിയിലെ തൊണ്ടിമുതൽ വെട്ടിമുറിച്ച് പാകമാകാത്ത വിധത്തിലാക്കി പ്രതിയെ രക്ഷിച്ചെടുത്തു എന്നതാണ് കേസ്.

ഈ ക്രൂരമായ നൈതിക ലംഘനം നടന്നുവെന്ന കണ്ടെത്തലിൽ കീഴ്ക്കോടതി അദ്ദേഹത്തിന് മൂന്ന് വർഷം തടവ് വിധിച്ചിരുന്നു. ഈ ശിക്ഷാവിധി മരവിപ്പിക്കാതെ മത്സരിക്കാനാവില്ലെന്ന തിരിച്ചറിവിലാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ തൊണ്ടിമുതലിൽ തിരുമറി നടന്നത് അതീവ ഗൗരവകരമായ കാര്യമാണെന്ന നിരീക്ഷണത്തോടെ കോടതി ഹർജി തള്ളുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!