‘നിരുപാധികം ക്ഷമ ചോദിക്കുന്നു, പുസ്തകം പിന്‍വലിച്ചു’; ‘ജുഡീഷ്യല്‍ അഴിമതി’ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതില്‍ എന്‍സിഇആര്‍ടി

ന്യൂഡല്‍ഹി: ജുഡീഷ്യല്‍ അഴിമതിയെക്കുറിച്ചുള്ള പരാമര്‍ശം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതില്‍ പരസ്യമായി മാപ്പ് പറഞ്ഞ് എന്‍സിഇആര്‍ടി. വിഷയത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്ത പശ്ചാത്തലത്തിലാണ് നടപടി. മുഴുവന്‍ പുസ്തകവും പിന്‍വലിച്ചുവെന്ന് എന്‍സിഇആര്‍ടി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

അഴിമതി, കേസുകള്‍ കെട്ടിക്കിടക്കല്‍, ജഡ്ജിമാരുടെ അഭാവം എന്നിവയാണ് നീതിന്യായ വ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളെന്ന് എട്ടാം ക്ലാസിലെ സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എക്‌സ്‌പ്ലോറിങ് സൊസൈറ്റി : ഇന്ത്യ ആന്റ് ബിയോണ്ട് ഗ്രേഡ് 8 എന്ന സാമൂഹിക ശാസ്ത്ര പുസ്തകത്തില്‍ നമ്മുടെ സമൂഹത്തില്‍ ജുഡീഷ്യറിയുടെ പങ്ക് എന്ന തലക്കെട്ടോടുകൂടി 4 അധ്യായം ഉള്‍പ്പെടുത്തിയിരുന്നു. നാലാം അധ്യായം ഉള്‍പ്പെടുത്തിയതില്‍ എന്‍സിആര്‍ടി ഡയറക്ടറും അംഗങ്ങളും നിരുപാധികം ക്ഷമാപണം നടത്തുന്നുവെന്നും എന്‍സിആര്‍ടി പ്രസ്താവനയില്‍ പറഞ്ഞു. മുഴുവന്‍ പുസ്തകവും പിന്‍വലിച്ചുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

ജുഡീഷ്യറിയെക്കുറിച്ചുള്ള ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, അഭിഷേക് സ്വിങ്‌വി എന്നീ അഭിഭാഷകരാണ് കോടതിയില്‍ ഈ വിഷയം അവതരിപ്പിച്ചത്. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് കേസെടുത്തിരുന്നു. അധ്യായത്തിലെ പരാമര്‍ശത്തെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ശക്തമായി എതിര്‍ത്തു. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താനും അതിന്റെ സമഗ്രതയെ കളങ്കപ്പെടുത്താനും ആരെയും അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.

പുസ്തകത്തില്‍ വിവാദപരമായ ഭാഗം ഉള്‍പ്പെടുത്തിയതില്‍ സര്‍ക്കാര്‍ ദുഃഖം പ്രകടിപ്പിച്ചു. വിഷയം പരിഹരിക്കുമെന്നും പുസ്തകം തയ്യാറാക്കിയതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!