തിരുവനന്തപുരം: വയനാട് ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പില്‍ വച്ച് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തില്‍ വൻ പ്രതിരോധത്തിലായി സി പി എം.
മമ്മൂട്ടിക്കെതിരെ ഇടത് കേന്ദ്രങ്ങളില്‍ നിന്ന് സൈബർ ആക്രമണം കൂടി ഉയർന്നതോടെ പ്രശ്നം എത്രയും പെട്ടന്ന് അവസാനിപ്പിക്കാനാണ് സി പി എം ശ്രമം. വിഷയം സൈബർ ഇടങ്ങളിലക്കം ആളികത്തിയതും യു ഡി എഫ് നേതാക്കളും പ്രവർത്തകരും കക്ഷി ചേർന്നതും പ്രശ്നം കൂടുതല്‍ വഷളാക്കി.
ഇതിനെല്ലാം ഒടുവില്‍ മമ്മൂട്ടി, റഫീഖിനെ വിളിച്ചതോടെ വിവാദം അണയുമെന്നാണ് ഇടത് കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. മമ്മൂട്ടി വിളിച്ച കാര്യം റഫീഖ് തന്നെയാണ് അറിയിച്ചത്.
തിരക്കും ബഹളവും മമ്മൂട്ടിക്ക് അലോസരമാകരുതെന്ന ഉദ്ദേശത്തോടെയാണ് താൻ ഇടപെട്ടതെന്ന് റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടി ഹൃദയത്തോട് ചേർത്ത് വെക്കുന്ന നടനാണെന്നും വിവാദം അവസാനിപ്പിക്കണമെന്നും റഫീഖ് ആവശ്യപ്പെട്ടു.
പ്രശ്നത്തില്‍ നിന്ന് എങ്ങനെയെങ്കിലും തലയൂരാനുള്ള ശ്രമത്തിനിടയിലാണ് മെഗാസ്റ്റാർ തന്നെ ജില്ലാ സെക്രട്ടറിയെ വിളിച്ചത്. മമ്മൂട്ടിയുടെ വിളിയെത്തിയതിന് ശേഷം ഇടത് സൈബർ ആക്രമണത്തിന്‍റെ തോത് കുറഞ്ഞത് സി പി എമ്മിന് ആശ്വാസമാണ്.
