തൃശൂര്‍: തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലെ തന്ത്രിയും താന്ത്രികാചാര്യനുമായ തരണനെല്ലൂര്‍ പടിഞ്ഞാറേമന പത്മനാഭന്‍ നമ്പൂതിരിപ്പാട് ശതാഭിഷേക നിറവില്‍. മാര്‍ച്ച് 9 മുതല്‍ 11 വരെ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിനടുത്തുള്ള ശതാഭിഷേക വേദിയില്‍ മൂന്ന് ദിവസത്തെ ആഘോഷങ്ങള്‍ നടക്കും.
തൃശൂര്‍ കിഴുപ്പുള്ളിക്കരയിലെ പുരാതന തന്ത്രി കുടുംബമായ വെളുത്തേടത്ത് തരണനെല്ലൂര്‍ മനയിലാണ് ബ്രഹ്മശ്രീ പത്മനാഭന്‍ നമ്പൂതിരിപ്പാട് ജനിച്ചത്. ആന്ധ്രാപ്രദേശിലെ അഹോബിലത്തില്‍ നിന്നുള്ള രണ്ട് കുടുംബങ്ങളായിരുന്നു തരണനെല്ലൂരും താഴമണും.
1959ല്‍ 25 വയസുള്ളപ്പോഴാണ് പത്മനാഭന്‍ നമ്പൂതിരിപ്പാടിനെ തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലെ നവീകരണകലശത്തിന്റെ യജ്ഞാചാര്യനായി നിയമിച്ചത്. താന്ത്രിക ജ്ഞാനങ്ങളില്‍ വളരെ കുറഞ്ഞ പരിശീലനം മാത്രമുണ്ടായിരുന്ന കാലത്തെ ഈ നിയോഗം ചില ആശയക്കുഴപ്പത്തിനും വഴിവച്ചു. അടിസ്ഥാന വിദ്യാഭ്യാസം മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. ഒരു പുരോഹിത സംഘത്തിന്റെ ചുമതലയുള്ള മുഖ്യപൂജാരിയായി തുടങ്ങുന്നത് അചിന്തനീയമായിരുന്നുവേണം പറയാന്‍.
പത്മനാഭന്‍ നമ്പൂതിരിപ്പാടിന്റെ പിതാവിന്റെ മോശം ആരോഗ്യവും വീട്ടിലെ ദാരിദ്ര്യവും വലിയ ബുദ്ധിമുട്ടുണ്ടാക്കിയ കാലമായിരുന്നു അത്. പാരമ്പര്യം മുന്നോട്ടു കൊണ്ടുപോകാന്‍ മകന്‍ ഒട്ടും താല്‍പ്പര്യപ്പെടാതെ വന്നപ്പോള്‍ പിതാവ് വളരെയധികം ദുഃഖിതനായി. നവീകരണ കലശം നടത്താന്‍ ആരുമില്ലാത്ത അവസ്ഥയായി. എന്നാല്‍ തന്റെ പ്രാര്‍ഥന ദൈവവും മകനും കേട്ടുവെന്നാണ് അദ്ദേഹം വിശ്വസിച്ചത്. മകന്‍ മൂന്ന് ദിവസം പൂജാമുറിയില്‍ കയറി അടച്ചിരുന്നു. കുടുംബ ദേവതയ്ക്ക് മുന്നില്‍ ധ്യാനിച്ചു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം പുറത്തേയ്ക്ക് വന്നത് തരണനെല്ലൂര്‍ പടിഞ്ഞാറേമന പത്മനാഭന്‍ നമ്പൂതിരിപ്പാടായിട്ടായിരുന്നു.
അന്നുമുതല്‍ നവീകരണ കലശം വിജയകരമായി പൂര്‍ത്തിയാക്കുകയും ബ്രഹ്മചാരിയായി പുരോഹിതനെന്ന നിലയിലേയ്ക്ക് ഉയര്‍ന്ന് വരികയുമായിരുന്നു. ശ്രീചക്ര പൂജയെ അതുല്യമായ ഉയരങ്ങളിലേയ്ക്ക് ഉയര്‍ത്തിയ അദ്ദേഹം രാജ്യമെമ്പാടും ദേവതകളെ പ്രതിഷ്ഠിക്കുകയും ക്ഷേത്രാചാരങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുകയും ചെയ്യുന്നു.