കൊച്ചി : നവീകരണ പ്രവർത്തനങ്ങൾ നടന്ന കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിലെ കൂറ്റൻ ഇരുമ്പ് ഗേറ്റ് കടപുഴകി വീണു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ ഉണ്ടായ അപകടത്തിൽ, ആ സമയം ഗേറ്റിന് സമീപത്തുകൂടി പോയ ഓട്ടോറിക്ഷ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഇന്നു വൈകിട്ട് അഞ്ചരയോടെയാണു സംഭവം. ഒട്ടേറെ പേർ ചേർന്ന് എടുത്തുയർത്താൻ ശ്രമിച്ചിട്ടും സാധിക്കാത്തതിനെ തുടർന്നു ഗേറ്റ് ഇപ്പോഴും വീണിടത്തു തന്നെ കിടക്കുകയാണ്.
ബാനർജി റോഡിൽ നിന്നു സ്റ്റേഡിയത്തിലേക്കു പ്രവേശിക്കുന്നിട ത്താണു പുതിയ ഗേറ്റുകൾ സ്ഥാപിച്ചിരി ക്കുന്നത്. വിവാദമായ സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി പുതിയ കവാടം നിർമിക്കുകയും ഇതിനു ഗേറ്റ് സ്ഥാപിക്കുകയുമായിരുന്നു. ഇരു ഭാഗങ്ങളിലും 2 പാളികൾ വീതമുള്ള കൂറ്റൻ ഗേറ്റുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ സ്റ്റേഡിയത്തിൽ നിന്ന് മെട്രോ സ്റ്റേഷനിലേക്ക് വരുന്ന ഭാഗത്തെ ഗേറ്റുകളിലൊന്നാണു തകർന്നു വീണത്. മുകളിലെ ക്ലാമ്പിൽ നിന്ന് ഭാരം താങ്ങാൻ കഴിയാതെ പൊട്ടിവീണതാകാനാണു സാധ്യതയെന്നാണു കരുതുന്നത്.
തലനാരിഴയ്ക്കാണ് ഇതിലെ വന്ന ഓട്ടോറിക്ഷകളിലൊന്ന് രക്ഷപെട്ടതെന്ന് സമീപത്തുണ്ടായിരുന്നവർ പറയുന്നു. ഓട്ടോ കടന്നുപോയ തൊട്ടടുത്ത നിമിഷം ഗേറ്റ് റോഡിലേക്ക് പതിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരെത്തി ബാരിക്കേഡ് വച്ച് താൽക്കാലികമായി ഇവിടം സുരക്ഷിതമാക്കി. ഗേറ്റ് റോഡിന് അരികിലേക്ക് മാറ്റിയിടാൻ സുരക്ഷാ ജീവനക്കാരടക്കം ശ്രമിച്ചിട്ടും ഭാരം മൂലം അനക്കാൻ പോലും കഴിഞ്ഞില്ല. സംഭവത്തിൽ സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ വിശാല കൊച്ചി വികസന അതോറിറ്റിയുടെ (ജിസിഡിഎ) പ്രതികരണം ലഭ്യമായിട്ടില്ല.
സ്റ്റേഡിയം നവീകരണത്തിൽ വീഴ്ച? കൊച്ചി കലൂർ സ്റ്റേഡിയത്തിൽ കൂറ്റൻ ഗേറ്റ് തകർന്നു വീണു
