തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായി. കെ കെ ശൈലജ മട്ടന്നൂരിനു പകരം യുഡിഎഫ് സിറ്റിങ് സീറ്റായ പേരാവൂരില്‍ മത്സരിക്കും. പ്രദേശിക തലത്തില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നെങ്കിലും തളിപ്പറമ്പില്‍ ജില്ലാ നേതൃത്വം മുന്നോട്ടു വെച്ച സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയാണ് സ്ഥാനാര്‍ത്ഥി. എം വി ഗോവിന്ദന്‍ ഒഴിയുന്ന സീറ്റാണ് ഭാര്യയ്ക്ക് നല്‍കുന്നത്.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും, സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ് ശ്യാമള. ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണുമായിരുന്നു. പേരാമ്പ്രയില്‍ ഇടതുമുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ വീണ്ടും മത്സരിക്കും. ഇടുക്കിയിലെ ഉടുമ്പന്‍ചോലയില്‍ എംഎം മണിയെ വീണ്ടും മത്സരിപ്പിക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി. ഉടുമ്പന്‍ചോലയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ കെ കെ ജയചന്ദ്രന്‍ മത്സരിക്കും.
സുരക്ഷിത മണ്ഡലമായ മട്ടന്നൂരില്‍നിന്ന് പേരാവൂരിലേക്ക് മാറ്റുന്നത് ശൈലജയെ ഒതുക്കാനാണെന്ന ആരോപണവുമുണ്ട്. എന്നാല്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ ഏറ്റവും ശക്തയായ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് ശൈലജയെ പരിഗണിച്ചതെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. തവനൂരില്‍ കെ ടി ജലീല്‍ വീണ്ടും മത്സരിച്ചേക്കും. കഴിഞ്ഞ തവണ വിട്ടു നല്‍കിയ പേരാമ്പ്ര തിരിച്ചു വേണമെന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം പരിഗണിക്കില്ല. നാളെ നടക്കുന്ന സിപിഎം സംസ്ഥാന കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കുക.
