ശബരിമല സ്വർണക്കവർച്ച കേസ്; പത്മകുമാറും പുറത്തേക്ക്

കൊല്ലം : ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പത്മകുമാറിന് ജാമ്യം. ദ്വാരപാലക ശില്പ കേസിലാണ് പത്മകുമാറിന് ജാമ്യം ലഭിച്ചിരിക്കുന്നത്. കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിന് ജാമ്യം അനുവദിച്ചത്.

ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിൽ റിമാൻഡ് കാലാവധി പൂർത്തിയായതോടെ പത്മകുമാറിന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ദ്വാരപാലക ശില്പ കേസിൽ 90 ദിവസം പൂർത്തിയാകാത്തതിൽനാൽ പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ ദ്വാരപാലക ശില്പ കേസിലും റിമാൻഡ് കാലാവധി പൂർത്തിയതോടെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.

കേസിൽ ഇതുവരെ എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാണിച്ചുകൊ ണ്ടാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ജാമ്യം ലഭിച്ച സാഹചര്യത്തിൽ ഇന്ന് തന്നെ പത്മകുമാർ ജയിൽ മോചിതനാകും.

അതേസമയം, ശബരിമല സ്വർണക്കവർച്ച കേസിലെ ഏഴ് പ്രതികൾ നിലവിൽ ജയിൽ മോചിതരായിട്ടുണ്ട്. ഒന്നാംപ്രതി ഉണ്ണി കൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾ സ്വാഭാവിക ജാമ്യം തേടി പുറത്തിറങ്ങിയവരാണ്. രണ്ട് പേർക്കാണ് റിമാൻഡ് കാലാവധി കഴിയും മുൻപേ ജാമ്യം ലഭിച്ചത്.

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാർ, മുൻ പ്രസിഡൻറും കമ്മീഷണറുമായ എൻ വാസു, മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജു. എന്നിവർക്കാണ് കേസിൽ സ്വാഭാവിക ജാമ്യം  ലഭിച്ചത്. തന്ത്രി കണ്ഠരര് രാജീവര്, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാർ എന്നിവർക്കാണ് റിമാൻഡ് കാലാവധി കഴിയും മുൻപേ അസാധാരണ ജാമ്യം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!