കൽപ്പറ്റ: പുൽപ്പള്ളി-മാനന്തവാടി റോഡിൽ കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന. രാവിലെ ഏഴുമണിയോടെ കുറിച്ചിപ്പറ്റയിലാണ് സംഭവം. കാട്ടിൽ നിന്നും ഇറങ്ങി വന്ന ആന റോഡിലൂടെ നടക്കുന്നതിനിടെയാണ് കാര്‍ മുന്നില്‍പെട്ടത്. ആനയെ കണ്ട പിന്നാലെ ഭയന്ന് കാര്‍ ഡ്രൈവര്‍ റോഡിന്‍റെ വശത്തേക്ക് കാര്‍ ഒതുക്കി.
എന്നാല്‍ നടന്നു പോകുന്നതിനിടെ കാറിന് നേരെ ആന തിരിഞ്ഞു. ഈ സമയം എതിര്‍ദിശയില്‍ വന്ന വാഹനത്തിലുള്ളവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇവര്‍ ശബ്ദമുണ്ടാക്കിയതോടെയാണ് ആന പിന്തിരിഞ്ഞത്. പലതവണ കാറിന് നേരെ ആന പാഞ്ഞടുക്കാന്‍ ശ്രമിച്ചു. ഇതിനിടെ തെരുവു നായകള്‍ കുരച്ചു കൊണ്ട് ആനയുടെ പിറകെ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. ആളുകള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആന തിരിഞ്ഞു പോവുകയായിരുന്നു. വന്‍ ദുരന്തമാണ് ഒഴിവായത്.
വനമേഖലയിലൂടെയുള്ള റോഡായതിനാൽ ഈ ഭാഗത്ത് പതിവായി ആന ഇറങ്ങാറുണ്ട്. യാത്രക്കാർ അതീവ ജാഗ്രതപുലർത്തണമെന്ന് വനംവകുപ്പും ജനപ്രതിനിധികളും നിർദേശം നൽകുന്ന പ്രദേശമാണിത്.