പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യാക്കോബായ സഭാ പരമാധ്യക്ഷൻ ; സഭകൾ ഒന്നിച്ചു നിൽക്കണമെന്ന് സൂചിപ്പിച്ച് മോദി

ന്യൂഡൽഹി : യാക്കോബായ സഭാ പരമാധ്യക്ഷൻ പരിശുദ്ധ മാർ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.

ബിജെപി കേരള സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നിരവധി സുപ്രധാന വിഷയങ്ങളിൽ പോസിറ്റീവായ ചർച്ചകൾ നടന്നുവെന്ന് സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. “അന്ത്യോഖ്യയുടെയും കിഴക്കൻ പ്രദേശങ്ങളുടെയും പാത്രിയർക്കീസും, ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ  മോറാൻ മോർ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയനെ നേരിൽ കാണാൻ സാധിച്ചതിൽ ഏറെ അഭിമാനിക്കുന്നു. വിവിധ വിഷയങ്ങളിൽ ഞങ്ങൾ സമഗ്രമായ ചർച്ച നടത്തി,” എന്ന് എക്സിൽ മലയാളത്തിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ പ്രധാനമന്ത്രി സൂചിപ്പിച്ചു.

സഭകൾക്കിടയിലെ ഐക്യം വിശ്വാസികളുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് അനിവാര്യമാണെന്ന് പ്രധാനമന്ത്രി ചർച്ചയിൽ സൂചിപ്പിച്ചു. തർക്കങ്ങളിൽ കോടതിക്ക് പുറത്ത് സമാധാനപരമായ പരിഹാരം കാണണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ അർത്ഥവത്തായതും പ്രചോദനം നൽകുന്നതുമാണെന്ന് മാർ
ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ സമൂഹത്തിലെ

എല്ലാ വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കുക എന്നത് ഇന്ത്യ പോലുള്ള ഒരു മഹത്തായ രാജ്യത്തിന്റെ അടിസ്ഥാന മൂല്യമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിക്കുകയും ചെയ്തു.
സഭാ ഐക്യത്തിനായുള്ള എല്ലാ നീക്കങ്ങളെയും യാക്കോബായ സഭ എന്നും സ്വാഗതം ചെയ്തിട്ടുണ്ടെന്ന് മാർ
ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയൻ സൂചിപ്പിച്ചു.




 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!