‘അമ്‌നിയോട്ടിക് ഫ്‌ളൂയിഡ് ശ്വാസകോശത്തില്‍ കയറി’; പട്ടാമ്പിയിലെ ഗര്‍ഭിണിയുടെ മരണം ചികിത്സാ പിഴവല്ലെന്ന് ഡിഎംഒ

പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണി കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ ചികിത്സാപിഴവില്ലെന്ന് റിപ്പോര്‍ട്ട്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമെന്ന് പാലക്കാട് ഡിഎംഒ ടി വി രവി അറിയിച്ചു. അമ്‌നിയോട്ടിക് ഫ്‌ളൂയിഡ് എംബോളിസം എന്ന ആരോഗ്യ സാഹചര്യമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് വിശദീകരണം.

ശ്വാസകോശത്തില്‍ അമ്‌നിയോട്ടിക് ഫ്‌ളൂയിഡിന്റെ സാന്നിധ്യം കണ്ടെത്തി. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. വിശദപരിശോധനയ്ക്കായി ആന്തരികാവയവങ്ങളുടെ സാംപിളുകള്‍ ശേഖരിക്കുമെന്നും ഡിഎംഒ അറിയിച്ചു. വെള്ളിയാഴ്ചയാണ് ഒമ്പത് മാസം ഗര്‍ഭിണിയായിരുന്ന തൃത്താല മേഴത്തൂര്‍ കുളങ്ങര വീട്ടില്‍ നിസാര്‍ ബാഷയുടെ ഭാര്യ നൗഷിജ (29) ചികിത്സയിലിരിക്കെ കുഴഞ്ഞുവീണ് മരിച്ചത്.

ഫെബ്രുവരി 16 മുതല്‍ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനായി അഡ്മിറ്റായിരുന്നു നൗഷിജ. 20-ന് രാവിലെ 10.30-ഓടെ നൗഷിജ കുഴഞ്ഞു വീണു. വിദഗ്ധ ചികിത്സക്കായി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ നിന്ന് നൗഷിജയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. നൗഷിജയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ തൃത്താല പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!