നിറയെ യാത്രക്കാർ, ബോയിംഗ് വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു

ലാഗോസ്: യാത്രയ്ക്കിടെ പൊട്ടിത്തെറിച്ച എൻജിനുമായി ബോയിംഗ് വിമാനത്തിന്റെ എമർജൻസി ലാൻഡിംഗ്. നൈജീരിയയിലെ ലാഗോസിൽ നിന്നാണ് ഞെട്ടിക്കുന്ന ആകാശ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നത്. ബുധനാഴ്ചയാണ് അപകടമുണ്ടായത്. നൈജീരിയയിലെ ലാഗോസിൽ നിന്നാണ് 80 യാത്രക്കാരുമായി അരിക് എയറിന്റെ ബോയിംഗ് 737 വിമാനം പറന്നുയർന്നത്. എന്നാൽ ഇടത്ത് വശത്തെ എൻജിൻ പൊട്ടിത്തെറിച്ചതോടെ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബെനിനിൽ വിമാനം എമർജൻസി ലാൻഡ് ചെയ്യുകയായിരുന്നു. വിമാനത്തിന്റെ ഇടത് ഭാഗത്ത് വലിയൊരു പൊട്ടിത്തെറി ശബ്ദം കേട്ടുവെന്നും പിന്നാലെ തന്നെ വിമാനം കൂപ്പുകുത്തിയെന്നുമാണ് ഞെട്ടിക്കുന്ന അപകടത്തേക്കുറിച്ച് യാത്രക്കാർ വിശദമാക്കുന്നത്.

സംഭവത്തിൽ വിമാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചുവെങ്കിലും യാത്രക്കാർ സുരക്ഷിതരാണ്. നൈജീരിയയിൽ നിന്നുള്ള വിദഗ്ധ സംഘം ബെനിനിൽ എത്തി പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. സാക്ഷി മൊഴികളും, കോക്പിറ്റ് വോയിസ് റെക്കോർഡറും അടക്കമുള്ള വിവരങ്ങളും സംഘം ശേഖരിച്ചിട്ടുണ്ട്. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ അരിക് എയർ ക്ഷമാപണം നടത്തി. ഗുരുതര തകരാറിന് ശേഷവും സുരക്ഷിതമായി ലാൻഡ് ചെയ്തതിന്റെ ആശ്വാസത്തിലാണ് യാത്രക്കാരുള്ളത്. യാത്രക്കാർക്ക് ബദൽ യാത്രാ സംവിധാനമൊരുക്കുമെന്ന് അരിക് എയർ വിശദമാക്കി.

എൻജിൻ പൊട്ടിത്തെറിച്ച് വയറുകളും, പൈപ്പുകളും, എൻജിന്റെ മറ്റ് സാമഗ്രഹികളും പുറത്ത് വന്ന നിലയിലായിരുന്നു എമർജൻസി ലാൻഡിംഗ്. കോക്പിറ്റിൽ അപ്രതീക്ഷിതമായി കണ്ട സിഗ്നലുകൾ അനുസരിച്ച് പരിശോധിക്കുമ്പോഴാണ് എൻജിൻ പൊട്ടിത്തെറിച്ചതായി വ്യക്തമാവുന്നത്. ക്രൂയിസ് ഫേസിൽ ആയിരുന്നു അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!