ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഇടക്കാല ബജറ്റാകും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുക. പൊതു തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് നിരവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
രാവിലെ 11 മണിക്കാണ് ധനമന്ത്രി ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. ആദായ നികുതിയിളവ് , കര്‍ഷകരെയും വനിതകളെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ അടക്കമുള്ളവ ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വനിതാസംവരണം ഉള്‍പ്പെടെ നാരീശക്തി മുദ്രാവാക്യമുയര്‍ത്തുന്ന സര്‍ക്കാര്‍, സ്ത്രീകള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാൻ ഇടയുണ്ട്. പൊതു തെരഞ്ഞെടുപ്പിനുശേഷം വരുന്ന സർക്കാരാകും പൂർണ ബജറ്റ് അവതരിപ്പിക്കുക.