ഇന്ത്യൻ നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ രാജ്യം വിട്ടുപോകാം; സ്വകാര്യതയിൽ തൊട്ടാൽ കളി മാറും; വാട്സാപ്പിന് സുപ്രീംകോടതിയുടെ അന്ത്യശാസനം

ന്യൂഡൽഹി : ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ വെച്ചുള്ള വിദേശ ടെക് ഭീമന്മാരുടെ കളി ഇനി നടപ്പില്ലെന്ന് സുപ്രീംകോടതി. വാട്സാപ്പിന്റെ ഉടമസ്ഥരായ മെറ്റയ്ക്ക് കടുത്ത ഭാഷയിലാണ് രാജ്യത്തെ പരമോന്നത കോടതി മുന്നറിയിപ്പ് നൽകിയത്. “ഞങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വെച്ച് കളിക്കാൻ നിങ്ങളെ അനുവദിക്കില്ല. ഇന്ത്യക്കാരുടെ വിവരങ്ങളുടെ ഒരു അക്കം പോലും കൈമാറാൻ സമ്മതിക്കില്ല,” ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ഇന്ത്യയിലെ നിയമങ്ങൾ അനുസരിക്കാൻ കഴിയില്ലെങ്കിൽ കമ്പനിക്ക് രാജ്യം വിട്ടുപോകാമെന്നും കോടതി കർശനമായി പറഞ്ഞു.

പരമാധികാരത്തെയും പൗരന്മാരുടെ മൗലികാവകാശങ്ങളെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ള വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരെയാണ് കോടതിയുടെ ഈ ചരിത്രപരമായ ഇടപെടൽ. ലോകത്തെ ഏറ്റവും വലിയ വിപണികളിലൊന്നായി ഇന്ത്യയെ കാണുന്ന വിദേശ കമ്പനികൾ, ഇവിടുത്തെ നിയമങ്ങൾക്കും സുരക്ഷാ മാനദണ്ഡങ്ങൾക്കും വിധേയമായി മാത്രമേ പ്രവർത്തിക്കാവൂ എന്ന ശക്തമായ സന്ദേശമാണ് സുപ്രീംകോടതി നൽകുന്നത്.

വിദേശ രാജ്യങ്ങളിൽ ഒരിടത്തും നടപ്പിലാക്കാൻ ധൈര്യപ്പെടാത്ത നിബന്ധനകൾ ഇന്ത്യയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന മെറ്റയുടെ ഇരട്ടത്താപ്പിനെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്. ഇന്ത്യക്കാരുടെ വിവരങ്ങൾ വിദേശ സെർവറുകളിലേക്ക് മാറ്റുന്നതിനും മറ്റ് ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനും തടയിടാനാണ് സുപ്രീംകോടതിയുടെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!