പരിപ്പ്(കോട്ടയം) : മൂന്ന് പതിറ്റാണ്ടിലേറെയായി കരകാണാതെ അന്തരീക്ഷത്തിലുയർന്നു നിന്ന കോൺക്രീറ്റ് പാലം പൊളിച്ചുതുടങ്ങി. ജനങ്ങൾക്ക് യാതൊരു ഗുണവും ലഭിക്കാതെ പരിപ്പ് തൊള്ളായിരം റോഡിൽ ഉയർന്നുനിന്ന പാലമാണ് ഇന്നലെ പൊളിച്ചു തുടങ്ങിയത്.
നിർമ്മിച്ചതിന് ശേഷം പാലം പൊളിക്കുന്നതിനുള്ള ജെസിബിയാണ് പാലത്തിലൂടെ ആദ്യമായും അവസാനമായും കടന്ന് പോയത്. മുപ്പത് വർഷങ്ങൾക്ക് മുൻപ് 1985ലാണ് റോഡ് നിർമാണം തുടങ്ങി സമീപന പാലം പൂർത്തിയാക്കിയത്. തുടർന്ന് കേസുകളിലും ചുവപ്പുനാടയിലും കുരുങ്ങി നിർമാണം തടസ്സപ്പെട്ടു.
അയ്മനം പഞ്ചായത്തിന്റെ 20, 21 വാർഡുകളിലാണ് പാലവും സമീപനപാതയും സ്ഥിതി ചെയ്യുന്നത്. 700 ഏക്കറുള്ള തൊള്ളായിരം, 210 ഏക്കറുള്ള വട്ടക്കായൽ എന്നീ പാടശേഖരങ്ങൾക്കു നടുവിലൂടെയാണ് റോഡ് കടന്നുപോകുന്നത്.
എന്നാൽ അപ്രോച്ച് റോഡില്ലാത്തതിനാൽ പാലം ശൂന്യതയിൽ ഉയർന്ന് നിൽക്കുകയായിരുന്നു. പരിപ്പ് തൊള്ളായിരം റോഡിന്റെ പുനർനിർമ്മാണത്തിന്റെ ഭാഗമായാണ് പരിപ്പ് പാലത്തിന് ശാപമോക്ഷം ലഭിച്ചത്. പി.എം. ജി.എസ്.വൈ യിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെയും പാലത്തിന്റെയും പുനർനിർമാണം ആരംഭിച്ചത്.
പരിപ്പ്- തൊള്ളായിരം റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കി 2026 ജനുവരി 31 ന് മുമ്പ് തുറന്നു കൊടുക്കുമെന്നാണ് റോഡിന്റെ നിർമാണോദ്ഘാടനംനിർവഹിച്ചപ്പോൾ മന്ത്രി വിഎൻ വാസവൻ പറഞ്ഞത്. ഇതിന്റെ ഭാഗമായി വരുന്ന മാഞ്ചിറയിലെ പാലം കൂടി തീരുന്നതോടെ ഈ മേഖലയിൽ നിന്ന് കുമരകം വഴി, ആലപ്പുഴ, എറണാകുളം റോഡുകളിലേക്ക് കുറഞ്ഞ സമയം കൊണ്ട് എത്താൻ കഴിയും. തൊള്ളായിരം പാലം പുനർനിർമ്മിച്ച് റോഡ് ഉയർത്തി പൂർണ്ണമായും ഇന്റർലോക്ക് കട്ടകൾ പാകും. പരിപ്പ് മുതൽ തൊള്ളായിരം വരെയുള്ള 2.719 കിലോമീറ്റർ റോഡാണ് പുനർനിർമ്മിക്കുന്നത്.
