തിരുവനന്തപുരം: ഓർഡിനറി ബസുകളിലെ സ്ത്രീകൾക്കുള്ള സൗജന്യയാത്രാ പദ്ധതിക്ക് പിന്നാലെ യാത്രക്കാരെ നഷ്ടപ്പെട്ട സ്വകാര്യ ബസുകൾക്ക് ആശ്വാസമൊരുക്കാൻ കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകളുടെ സമയക്രമം പുനഃക്രമീകരിക്കാൻ സർക്കാർ നീക്കം. യാത്രക്കാർക്ക് അസൗകര്യമുണ്ടാകാതെ, സ്വകാര്യ ബസുകൾക്കും ആവശ്യമായ യാത്രക്കാരെ ലഭിക്കുന്ന രീതിയിലാണ് പുതിയ ക്രമീകരണം ആലോചിക്കുന്നത്.
നിലവിൽ സർവീസ് നടത്തുന്ന 3,125 ഓർഡിനറി ബസുകളിൽ ഏകദേശം 40 ശതമാനം ഷെഡ്യൂളുകളും സ്വകാര്യ ബസുകളുമായി നേരിട്ടുള്ള മത്സരമുണ്ടാക്കുന്നതായാണ് പ്രാഥമിക വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട റൂട്ടുകളിൽ അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ സമയവ്യത്യാസം വരുത്താനാണ് ആലോചന.
വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി കെ.എസ്.ആർ.ടി.സി നിരവധി റൂട്ടുകളിൽ സ്വകാര്യ ബസുകളുമായി മത്സരിച്ചാണ് സർവീസ് നടത്തിയിരുന്നത്. കൂടുതൽ യാത്രക്കാരുള്ള സമയങ്ങൾ സ്വന്തമാക്കുന്നതിനായി റൂട്ട് കോൺഫറൻസുകളിൽ സ്വകാര്യ ബസുകാരുമായി തർക്കങ്ങളുണ്ടായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. യാത്രക്കാരുമായി പോകുന്ന സ്വകാര്യ ബസുകൾക്ക് മുന്നിൽ കെ.എസ്.ആർ.ടി.സി ബസുകൾ ഓടിച്ചതായും പരാതികൾ ഉയർന്നിരുന്നു. ഡിപ്പോകളുടെ വരുമാനം ഉയർത്തണമെന്ന സമ്മർദമാണ് ഇത്തരം നടപടികൾക്ക് കാരണമായതെന്നാണ് വിലയിരുത്തൽ.
സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതി നിലവിൽ വന്ന ശേഷവും ഈ ഷെഡ്യൂളുകളിൽ മാറ്റം വരുത്തിയിരുന്നില്ല. ചില റൂട്ടുകളിൽ പ്രിയദർശിനി ഓർഡിനറി ബസുകൾ ആവശ്യത്തിലധികമുണ്ടെന്ന പരാതിയുണ്ടെങ്കിലും, മറ്റു ചില മേഖലകളിൽ പദ്ധതി പരിമിതമായി മാത്രമാണ് ലഭ്യമാകുന്നത്. കൂടുതൽ കെ.എസ്.ആർ.ടി.സി സർവീസുകളുള്ള തെക്കൻ ജില്ലകളിൽ പോലും എല്ലാ റൂട്ടുകളിലും സൗജന്യയാത്രയുടെ പ്രയോജനം ലഭിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. തിരുവനന്തപുരം നഗരത്തിലെ 320 സിറ്റി ഫാസ്റ്റ് ബസുകളും ഏതാനും റൂട്ടുകളിലാണ് കൂടുതലായി സർവീസ് നടത്തുന്നത്. അതേസമയം, ചില പാതകളിൽ പ്രിയദർശിനി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.
പ്രിയദർശിനി പദ്ധതി ആരംഭിച്ചതിന് ശേഷം സ്വകാര്യ ബസുകളുടെ പ്രതിദിന വരുമാനത്തിൽ 1,500 മുതൽ 2,000 രൂപ വരെ കുറവുണ്ടായതായി മന്ത്രി സി.പി. ജോൺ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. വാഹന നികുതിയിൽ 50 ശതമാനം ഇളവ് നൽകിയിട്ടും ഇത്രയും സാമ്പത്തിക നഷ്ടം സഹിച്ച് സർവീസ് തുടരുക സ്വകാര്യ ബസ് ഉടമകൾക്ക് ബുദ്ധിമുട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരിക്കൽ 24,000-ത്തിലധികം സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന കേരളത്തിൽ ഇപ്പോൾ അവയുടെ എണ്ണം 8,000-ൽ താഴെയായി ചുരുങ്ങിയിട്ടുണ്ട്. പൊതുഗതാഗതം ശക്തിപ്പെടുത്താനായി നടപ്പാക്കിയ പ്രിയദർശിനി പദ്ധതി സ്വകാര്യ ബസുകളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചാൽ അത് സർക്കാരിന്റെ ഗതാഗത നയത്തിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് റൂട്ട് പുനഃക്രമീകരണം പരിഗണിക്കുന്നത്. പദ്ധതിയുടെ അവലോകനത്തിന്റെ ഭാഗമായായിരിക്കും പുതിയ ഷെഡ്യൂൾ നടപ്പാക്കുക.
അതേസമയം, പ്രിയദർശിനി പദ്ധതിയിലൂടെ സ്ത്രീ യാത്രക്കാരുടെ എണ്ണം ഏകദേശം 30 ശതമാനം വർധിച്ചതായാണ് കെ.എസ്.ആർ.ടി.സി കണക്കുകൾ വ്യക്തമാക്കുന്നത്. സൗജന്യയാത്രയുടെ ടിക്കറ്റ് തുക സർക്കാർ നൽകുന്നതിനാൽ കോർപ്പറേഷന്റെ വരുമാനത്തിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
