കൊച്ചി: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക ചുവടുവെപ്പുമായി ബി ജെ പി നേതൃത്വം. ട്വന്റി 20 എൻ ഡി എയിലേക്ക്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബും തമ്മിൽ തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനമുണ്ടായത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തി ഇരുവരും സംയുക്തമായി പത്രസമ്മേളനം നടത്തി.
നാളെ തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ ട്വൻ്റി 20 ഔദ്യോഗികമായി എൻഡിഎ യുടെ ഭാഗമാകും.
കേരളത്തിൽ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടുള്ള നീക്കത്തിലാണ് ബി ജെ പി. ട്വന്‍റി 20 ബി ജെ പി മുന്നണിയിലെത്തുന്നത് എറണാകുളത്ത് വലിയ ഗുണം ചെയ്യുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടൽ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സ്വാധീനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ ഈ നീക്കം സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാം.
കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20 പാർട്ടിക്ക് നിലവിൽ രണ്ട് പഞ്ചായത്തുകളിൽ അധികാരമുണ്ട്. രണ്ടിടത്ത് പ്രതിപക്ഷമാണ്.
