കൊച്ചി: പാസ്‌പോർട്ടിൽ കൃത്രിമം കാണിച്ച് അഞ്ച് സ്ത്രീകളെ കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ. മുഖ്യ ഏജന്റായ മലപ്പുറം എടയാറ്റൂർ സ്വദേശി ലിയാഖത്ത് അലിയെയാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവം. എയർപോർട്ട് പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി.ഈ കഴിഞ്ഞ സെപ്റ്റംബറിലാണ് വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ചത്. ഉയർന്ന ശമ്പളത്തിൽ വീട്ടുജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
എന്നാൽ വിദ്യാഭ്യാസം കുറവായതിനാലും 40 വയസിൽ താഴെ പ്രായമുള്ളതിനാലും ഇവർക്ക് എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമായിരുന്നു. ഇതിനാൽ തന്നെ ടൂറിസ്റ്റ് വിസയിൽ മസ്‌കത്തിലെത്തിച്ച് അവിടെ നിന്നും കുവൈത്തിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്. തുടർന്ന് എമിഗ്രേഷൻ പരിശോധനയിൽ പാസ്‌പോർട്ടിലെ പേജുകൾ കീറിമാറ്റി പുതിയ പേജുകൾ തുന്നിച്ചേർത്തതായി കണ്ടെത്തി. ഇതിന് പിന്നാലെ ഇവരെ പോലീസിന് കൈമാറുകയായിരുന്നു.
