തൃശൂര്‍ : ഉറുദു പ്രസംഗം, കവിതാരചന, കഥാരചന, പ്രബന്ധ രചന എന്നിവയില്‍ എ ഗ്രേഡ് നേടിയ കശ്മീര്‍ പൂഞ്ച് സ്വദേശികളായ വിദ്യാര്‍ഥികള്‍ കലോത്സവ നഗരിയില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയെ കണ്ട് സന്തോഷം പങ്കുവച്ചു.
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന കോഴിക്കോട് മര്‍കസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ ഫര്‍ഹാന്‍ റാസ ഉറുദു പ്രസംഗത്തിലും ഇര്‍ഫാന്‍ അഞ്ചൂം കവിതാ രചനയിലും മുഹമ്മദ് കാസിം കഥാ രചനയിലും സുഹൈല്‍ പ്രബന്ധ രചനയിലുമാണ് എ ഗ്രേഡ് നേടിയിരിക്കുന്നത്.
ഏതാനും വര്‍ഷമായി കേരളത്തില്‍ പഠിക്കുന്ന ഈ വിദ്യാര്‍ഥികളെ മര്‍കസ് സന്ദര്‍ശന വേളയില്‍ വിദ്യാഭ്യാസ മന്ത്രി പരിചയപ്പെട്ടിരുന്നു. കേരളത്തിലെ സ്‌കൂള്‍ കലോത്സവങ്ങള്‍ സമ്മാനിക്കുന്ന അനുഭവവും അന്തരീക്ഷവും ഏറെ പ്രചോദനാത്മകമാണെന്ന് ആവര്‍ പറഞ്ഞു. കേരളത്തിലെ മികച്ച വിദ്യാഭ്യാസ രീതിയുടെ ഭാഗമാകുന്നതിന്റെ സന്തോഷം അവരുമായി പങ്കിട്ടു. വിദ്യാര്‍ഥികളുടെ വിജയത്തില്‍ മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു.
