കായംകുളം : ഹരിതകര്‍മ്മസേനക്ക് തെരുവില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണമോതിരം മോഷ്ടിച്ചു, സിപിഎം കാരിയായ മുൻ നഗരസഭാ അധ്യക്ഷയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. മുൻ നഗരസഭാ അധ്യക്ഷയെ ഒന്നാം പ്രതിയാക്കി കായംകുളം പോലീസ് ആണ് കേസെടുത്തത്.
കായംകുളം നഗരസഭയില്‍ നിന്ന് സ്വർണ്ണമോതിരം മോഷ്ടിച്ച സംഭവത്തിലാണ് മുൻ നഗരസഭാ അധ്യക്ഷ പി. ശശികലയെ ഒന്നാം പ്രതിയാക്കി കായംകുളം പോലീസ് കേസെടുത്തത്. പൊതുപ്രവർത്തകൻ നൗഫല്‍ എസ്. ചെമ്പകപ്പള്ളി കായംകുളം ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
ഹരിത കർമ്മ സേനക്ക് തെരുവില്‍ നിന്ന് ലഭിച്ച സ്വർണ്ണ മോതിരമാണ് ഇവർ എടുത്തത്.11 .33 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മോതിരമാണ് വിറ്റത്.
സംഭവത്തില്‍ പോലീസ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് മുൻ അധ്യക്ഷയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സി.പി.എം കായംകുളം മുൻ ഏരിയാ സെക്രട്ടറി അരവിന്ദാക്ഷൻ്റ ഭാര്യയാണ് പ്രതി പി . ശശികല.
കേസന്വേഷണത്തിന്റെ ഭാഗമായി നഗരസഭയിലെ ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ജൂനിയർ ഹെല്‍ത്ത് സൂപ്രണ്ട്, ജനറല്‍ സൂപ്രണ്ട് എന്നിവരില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. ഹരിതകർമ്മ സേനാംഗമായ രാജിക നല്‍കിയ നിർണായകമായ മൊഴിയാണ് കേസിൽ വഴിത്തിരിവായത്.
ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ മോഷണ കുറ്റമാണ് പി. ശശികലയ്‌ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 316(2) പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.
