കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് മെല്ലെപ്പോക്ക്. വൻകിട ടാക്‌സി കമ്പനികളോട് മത്സരിച്ച് ജനസ്വീകാര്യത നേടിത്തുടങ്ങിയ സർക്കാർ ടാക്‌സി സർവീസ് ആപ്പിന്റെ നവീകരണ നടപടികളാണ് ഇപ്പോൾ മന്ദഗതിയിലായത്. ഇതോടെ സർക്കാരിനും കരാർ കമ്പനിക്കും സാമ്പത്തിക നഷ്ടമുണ്ടാകുന്ന സാഹചര്യമാണ്.
ആപ്പ് നവീകരണത്തിന്റെ കരാർ ഏറ്റെടുത്ത ബെംഗളൂരു ആസ്ഥാനമായ മൂവിങ് ടെക് ഇനവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് പദ്ധതിയിൽനിന്ന് പിന്മാറുമെന്ന് സർക്കാരിന് അന്ത്യശാസനം നൽകാനുള്ള നീക്കത്തിലാണ്.
പദ്ധതിയുടെ മേൽനോട്ട ചുമതല സംസ്ഥാന തൊഴിൽ വകുപ്പിനാണ്. പദ്ധതി പരിശോധിച്ചപ്പോൾ ചില അപാകങ്ങൾ കണ്ടെത്തിയെന്നും അവ പഠിച്ചുവരികയാണെന്നും തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. അപാകങ്ങൾ പരിഹരിക്കാൻ കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പരിഹാരം തൃപ്തികരമാണെങ്കിൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.
ഓട്ടോ-ടാക്‌സി സർവീസ് ന്യായമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2022 ഓഗസ്റ്റ് 17-നാണ് സർക്കാർ ‘കേരള സവാരി’ ആപ്പ് ആരംഭിച്ചത്. 2025 ജനുവരി 30ന് ‘കേരള സവാരി 2.0’ എന്ന പേരിൽ ആപ്പ് പരിഷ്‌കരിച്ചു. തൊഴിൽ വകുപ്പ്, പാലക്കാട് ഐ.ടി.ഐ., സാങ്കേതിക പങ്കാളിയായ മൂവിങ് ടെക് ഇനവേഷൻസ് എന്നിവർക്കായിരുന്നു നവീകരണ ചുമതല. ഡ്രൈവർമാരിൽനിന്ന് ഈടാക്കുന്ന സബ്‌സ്‌ക്രിപ്ഷൻ ഫീസ് തൊഴിൽ വകുപ്പ്, പാലക്കാട് ഐ.ടി.ഐ., കരാർ കമ്പനി എന്നിവർക്കായി 5:5:90 എന്ന അനുപാതത്തിൽ വീതിക്കണമെന്നായിരുന്നു കരാർ.
എന്നാൽ സബ്‌സ്‌ക്രിപ്ഷൻ ഫീസ് ഈടാക്കുന്നത് ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതാണ് പദ്ധതിയുടെ സാമ്പത്തിക മുന്നേറ്റത്തിന് തിരിച്ചടിയായത്. നിലവിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, കൊല്ലം , കോർപ്പറേഷനുകളിലും കണ്ണൂർ, പാലക്കാട്, കോട്ടയം ജില്ലകളിലും ‘കേരള സവാരി’ സജീവമാണ്. കൊച്ചിയിൽ മാത്രം പ്രതിദിനം 45,000ത്തിലധികം ബുക്കിങ്ങുകൾ ലഭിക്കുന്നുണ്ടെന്നാണ് കമ്പനി അധികൃതരുടെ അവകാശവാദം.
ആപ്പിൽ 4.41 ലക്ഷം യാത്രികർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 35,435 ഡ്രൈവർമാരും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.
സബ്‌സ്‌ക്രിപ്ഷൻ ഫീസ് ഈടാക്കാതെതന്നെ 2025 ജനുവരി 30ന് ശേഷം 29.19 കോടി രൂപയാണ് ഡ്രൈവർമാർക്ക് വരുമാനമായി ലഭിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സബ്‌സ്‌ക്രിപ്ഷൻ സംവിധാനം നടപ്പാക്കിയിരുന്നെങ്കിൽ ഒരു വർഷത്തിനിടെ കരാർ കമ്പനിക്ക് ഏകദേശം മൂന്ന് കോടിയും സർക്കാരിന് 15 ലക്ഷത്തിലേറെയും രൂപ വരുമാനം ലഭിക്കുമായിരുന്നുവെന്നാണ് കണക്കാക്കുന്നത്.
അതേസമയം, ‘കേരള സവാരി 2.0’യുടെ പരിഷ്‌കരണത്തിനായി തങ്ങൾക്ക് 6.8 കോടി രൂപ ചെലവായെന്നാണ് മൂവിങ് ടെക്കിന്റെ അവകാശവാദം. അപാകങ്ങൾ പരിഹരിക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് തൃപ്തികരമായി പരിഹരിച്ചാൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. അല്ലാത്തപക്ഷം മറ്റൊരു മാതൃകയിൽ പുതിയ പദ്ധതിയെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.
