സന്നിധാനം : ശബരിമലയിൽ മകരജ്യോതി ദൃശ്യമായി. ദീപാരാധനയ്ക്ക് ശേഷമാണ് മകരജ്യോതി ദൃശ്യമായത്.
തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെക്കാണാന്‍ വൻ ഭക്തജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. പൊന്നമ്പലമേട്ടിൽ മകരജ്യോതി ദൃശ്യമായത് കാണാൻ പതിനായിക്കണക്കിന് ഭക്തരാണ് സന്നിധാനത്ത് എത്തിച്ചേർന്നത്.
അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര മകരജ്യോതി ദൃശ്യമാകുന്നതിന് മുൻപ് സന്നിധാനത്ത് എത്തിച്ചേർന്നു. തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങി. തുടർന്ന് സോപാനത്തെത്തിച്ച് അയ്യപ്പന് തിരുവാഭരണം ചാർത്തി. തുടർന്ന് നടയടച്ച് ദീപാരാധന നടന്നു. നടതുറന്നതോടെ പൊന്നമ്പലമേട്ടിൽ മകരവിളക്കും ആകാശത്ത് ഉത്രം നക്ഷത്രവും ദൃശ്യമായതോടെ സന്നിധാനവും പരിസരവും ശരണമന്ത്ര മുഖരിതമായി.
