പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 78 വര്‍ഷം കഠിന തടവും നാലേമുക്കാല്‍ ലക്ഷം പിഴയും

തിരുവനന്തപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനായ പ്രതിക്ക് (41) 78 വര്‍ഷം കഠിന തടവിനും നാലേമുക്കാല്‍ ലക്ഷം രൂപ പിഴക്കും തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ നാലര വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നല്‍കണമെന്നും ലീഗല്‍ സര്‍വീസ് അതോറിറ്റി നഷ്ടപരിഹാരം നല്‍കണമെന്നും വിധിയില്‍ പറയുന്നു.

2023ല്‍ കുട്ടി ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മ പ്രതിയുമായി പ്രണയത്തിലയത്തിലായ ശേഷമാണ് രണ്ടാമത് വിവാഹം കഴിച്ചത്. വിവാഹ ശേഷം കുറച്ച് നാള്‍ കഴിഞ്ഞാണ് പ്രതി പലതവണകളായി കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ ഭയന്ന കുട്ടി പുറത്താരോടും പറഞ്ഞില്ല. കൂടാതെ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു ദിവസം കുട്ടിയുടെ അനുജന്‍ വീട്ടില്‍ വന്നപ്പോള്‍ പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടു. തുടര്‍ന്ന് അനിയന്‍ അമ്മയോട് പറഞ്ഞു. കുട്ടിയുടെ അമ്മ പ്രതിയോട് ചോദിച്ചപ്പോള്‍ പ്രതി അമ്മയെയും ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്നാണ് അമ്മ പൊലീസില്‍ പരാതി നല്‍കിയത്. പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ എസ് വിജയ് മോഹന്‍ ഹാജരായി. ഫോര്‍ട്ട് സി ഐ, ജെ രാകേഷ്, എസ് ഐ മാരായ അഭിജിത്ത് എം, ശ്രീജേഷ് എസ് എസ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന്‍ പതിനേഴ് സാക്ഷികളെ വിസ്തരിച്ചു. 28 രേഖകളും അഞ്ച് തൊണ്ടിമുതലുകളും ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!