പറമ്പില്‍ കോഴി കയറിയതിന് പരാക്രമം, വൃദ്ധ ദമ്പതികളുടെ കൈകള്‍ ഇരുമ്പുവടി കൊണ്ട് തല്ലിയൊടിച്ചു; അയല്‍വാസി പിടിയില്‍

കല്‍പ്പറ്റ: പറമ്പില്‍ കോഴി കയറിയതിന് വൃദ്ധദമ്പതികളുടെ കൈകള്‍ ഇരുമ്പുവടി കൊണ്ട് തല്ലിയൊടിച്ച കേസില്‍ അയല്‍വാസി പിടിയില്‍. കമ്പളക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കുന്ന് ചുണ്ടക്കര തെക്കേപീടികയില്‍ ടി കെ തോമസിനെയാണ് (58) പിടികൂടിയത്. ഒരാളെ ഹെല്‍മെറ്റ് കൊണ്ടടിച്ചു പരിക്കേല്‍പ്പിച്ച മറ്റൊരു കേസിലും തോമസ് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

സംഭവ ശേഷം ഒളിവിലായിരുന്ന ഇയാളെ വെള്ളിയാഴ്ച രാവിലെ കല്‍പ്പറ്റയില്‍ നിന്നാണ് പിടികൂടിയത്. ഇക്കഴിഞ്ഞ 24-ാം തീയതിയാണ് ലാന്‍സി തോമസ്- അമ്മിണി ദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ടി കെ തോമസ് ഇരുമ്പ് വടി ഉപയോഗിച്ച് മാരകമായി ഇവരെ ആക്രമിച്ചത്. ലാന്‍സി തോമസിന്റെ ഇരു കൈകളുടെ എല്ലും തടയാന്‍ ശ്രമിച്ച ഭാര്യയുടെ വലതു കൈയുടെ എല്ലും പൊട്ടി ഗുരുതരമായി പരിക്കേറ്റിരുന്നു.

ആദ്യം ലാന്‍സിയെ ആണ് ആക്രമിച്ചത്. അടി കൈകൊണ്ട് തടഞ്ഞപ്പോഴാണ് കൈയൊടിഞ്ഞത്. അമ്മിണിയെ ആക്രമിക്കുന്നത് തടഞ്ഞപ്പോള്‍ ലാന്‍സിയുടെ രണ്ടാമത്തെ കൈയും ഒടിഞ്ഞു. അമ്മിണിയുടെ തലയ്ക്കും കൈയ്ക്കും കാലിനും പരിക്കറ്റിട്ടുണ്ട്. ഇരുവരും ചികിത്സയില്‍ തുടരുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

എസ്എച്ച്ഒ എം എ സന്തോഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിഷ്ണു, റോയ്, അസി സബ് ഇന്‍സ്‌പെക്ടര്‍മാരായ ഇബ്രാഹിം, ദീപ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശിഹാബ്, സിറാജ്, നിഷാദ്, കൃഷ്ണദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!