രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് 17 വര്‍ഷം പിന്നിടുകയാണ്. ഭീകരാക്രമണങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് 2008 നവംബര്‍ 26ന് ഉണ്ടായ മുംബൈ ആകമണം. മൂന്ന് ദിവസമാണ് പത്തംഗ ഭീകരസംഘം മുംബൈ മഹാനഗരത്തെയും രാജ്യത്തെയും മുള്‍മുനയില്‍ നിറുത്തിയത്. അഞ്ചിടങ്ങളിലായി 12 സ്ഥലങ്ങളെ ഏകോപിപ്പിച്ച് നടത്തിയ ആക്രമണത്തില്‍ 166 പേരുടെ ജീവനാണ് നഷ്ടമായത്. 300ലധികം പേര്‍ക്ക് പരിക്കുകളേറ്റു. ആ നടുക്കുന്ന ഓര്‍മ്മ ഇന്നും മുംബൈ മഹാനഗരത്തില്‍ നിന്ന് മായാതെ നില്‍ക്കുന്നു.
ആക്രമണം ആസൂത്രണം ചെയ്ത ലെഷ്‌കറെ സംഘം മൂന്ന് ദിവസമാണ് മുംബൈയിയേയും രാജ്യത്തെയും വിറപ്പച്ചത്. സംഘത്തിലെ 10 പേരില്‍ 9പേരും കൊല്ലപ്പെട്ടു. അജ്മന്‍ കസബ് എന്ന ഭീകരനെ മാത്രമാണ് ജീവനോടെ പിടികൂടാനായത്. ഇയാളെ 2021 നവംബര്‍ 21ന് തൂക്കിലേറ്റി. പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്നാണ് സംഘം ഇന്ത്യയിലെത്തിയത്.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ ഭരണരംഗത്തെ കെടുകാര്യസ്ഥത എത്രത്തോളമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് ഈ ഭീകരാക്രമണം. 2008 നവംബര്‍ 26ലെ ദുരന്തത്തിലേക്ക് നയിച്ചത് രാജ്യത്തെ വിവിധ ഏജന്‍സികള്‍ വിവരങ്ങള്‍ പരസ്പരം കൈമാറാതെ രഹസ്യമായി പ്രവര്‍ത്തിച്ചാല്‍ മതിയെന്ന സര്‍ക്കാരിന്റെ ഉട്ടോപ്പിയന്‍ നയത്തിന്റെ പരിണിതഫലം കൂടിയാണ്.
കൂട്ടുത്തരവാദിത്തമില്ലാതെ രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ ശത്രുക്കളുടെ നീക്കങ്ങള്‍ മുന്‍കൂട്ടി കാണുന്നതില്‍ വലിയ നിലയിലുള്ള പാളിച്ചകളാണ് ഉണ്ടായത്. ഇതിന് വിലയായി നല്‍കേണ്ടിവന്നതോ നിരാലംബരായ 166 ജീവനുകള്‍. ഒരു രാജ്യത്തെ ജനങ്ങളെ ഒന്നാകെ നടുക്കിയ മുംബൈ ആക്രമണത്തെ ഭരണനേതൃത്വത്തിന്റെ രക്തം പുരണ്ട കഴിവില്ലായ്മയായിട്ടേ കാണാന്‍ കഴിയൂ. 26/11ന് മുമ്പ് നിരവധി ഭീകരാക്രമണങ്ങള്‍ നടന്നിട്ടും കോണ്‍ഗ്രസും അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരും അതില്‍ നിന്നും പാഠങ്ങള്‍ പഠിച്ചില്ല. ഭീകരതയെ സാധാരണവല്‍ക്കരിക്കാനാണ് അവര്‍ എപ്പോഴും ശ്രമിച്ചത്. കോണ്‍ഗ്രസിന്റെ ധാര്‍മ്മിക പാപ്പരത്വവും ‘ചല്‍ത്താ ഹേ’- മനോഭാവവും മൂലം പൗരന്മാര്‍ക്ക് നല്‍കേണ്ടിവന്നത് ജീവനാണ്.

തീരദേശ സുരക്ഷയില്ല
രാജ്യത്തിനെതിരെയുള്ള ശത്രുക്കള്‍ ഏത് സാഹചര്യങ്ങളും ഉപയോഗപ്പെടുത്തുമെന്ന മുന്‍കൂട്ടികണ്ട് നടപടികള്‍ സ്വീകരിക്കുന്നതില്‍ വലിയ വീഴ്ചയാണ് സംഭവിച്ചത്. ആയിരക്കണക്കിന് കിലോമീറ്റര്‍ തീരപ്രദേശമാണ് ഇന്ത്യയ്ക്കുള്ളത്. ഈ തീരങ്ങളില്‍ ആവശ്യമായ സുരക്ഷാ ചട്ടക്കൂട് സൃഷ്ടിക്കുന്നതിനുള്ള പരിശ്രമം ഉണ്ടായില്ല. കോസ്റ്റ് ഗാര്‍ഡുകളുടെയും നാവിക സേസനയുടെയും കടലിലെ നിരീക്ഷണമൊക്കെ പരിമിതമായിരുന്നു. ഇത് തീവ്രവാദികള്‍ക്ക് രാജ്യത്തിന്റെ ഹൃദയഭാഗംവരെ എത്താന്‍ വഴിയൊരുക്കി. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നും ഭീകരര്‍ ബോട്ടുവഴിയാണ് ഇന്ത്യയിലേക്ക് കടന്നത്. ആകാശവും കരയും അതിര്‍ത്തിയുമൊക്കെ വളരെ പെട്ടെന്നുതന്നെ നിയന്ത്രണത്തിലെത്തിക്കാം. പക്ഷേ, കടലാണ് കണ്ണിമ ചിമ്മാതെ പിഴവുകളില്ലാത്ത സുരക്ഷയൊരുക്കേണ്ടിടം. പക്ഷേ, യുപിഎ സര്‍ക്കാരിന് അതിലൊന്നും ജാഗ്രതയും താത്പര്യവും ഇല്ലായിരുന്നു. ഇന്ത്യയെ ഉന്മൂലനം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട പാക് ഭീകരര്‍ക്ക് എത്ര നിസ്സാരമായി നമ്മുടെ സമുദ്രാതിര്‍ത്തി കടന്നെത്താന്‍ കഴിഞ്ഞുവെന്നത് തീരദേശത്തോട് ഒരു സര്‍ക്കാര്‍ എത്രമാത്രം അവഗണനയാണ് സ്വീകരിച്ചിരുന്നതെന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ല.
തീരുമാനങ്ങള്‍ എടുക്കുന്നതിലെ കാലവിളംബം
ഇന്നത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ നിലപാടുകളും അന്നത്തെ യുപിഎ സര്‍ക്കാരിന്റെ തീരുമാനങ്ങളും തമ്മില്‍ അജഗജാന്തരം വ്യത്യാസമുണ്ടായിരുന്നു. അരതത്തോളം പരിതാപകരമായിരുന്നു നമ്മുടെ ഭരണസിരാകേന്ദ്രങ്ങളിലുള്ളവരുടെ ഇച്ഛാശക്തി. 26/11 ആക്രമണം നടന്ന വിവരം അറിഞ്ഞിട്ടും ത്വരിതഗതിയില്‍ തീരുമാനങ്ങളെടുത്ത് നടപ്പാക്കുന്നതില്‍ കാലവിളംബം സംഭവിച്ചു. യഥാസമയം നമ്മുടെ കമാന്‍ഡോകളെ നിര്‍ദ്ദിഷ്ട സ്ഥലത്ത് എത്തിക്കാന്‍ പോലും കഴിഞ്ഞില്ല. വളരെ വൈകിയാണ് അവര്‍ക്ക് എത്താനായത്. ഡല്‍ഹിയില്‍ നിന്ന് എന്‍എസ്ജിയെ വിമാനത്തില്‍ അയയ്‌ക്കേണ്ടി വന്നു. ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതില്‍ വന്ന തടസ്സങ്ങളും അംഗീകാരത്തിനായി സമയമെടുത്തതും മണിക്കൂറുകളോളം വന്ന കാലതാമസവും നൂറുകണക്കിന് നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുന്നതിനും കാരണമായി. എന്തിനധികം? അന്നത്തെ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് മുംബൈയില്‍ എത്തിചേരാന്‍ വിമാനം ലഭിക്കാന്‍ മൂന്ന് മണിക്കൂര്‍ വിമാനത്താവള ടെര്‍മിനലില്‍ കാത്തിരിക്കേണ്ടി വന്നു. ഇതില്‍ നിന്നും അന്നത്തെ കാര്യങ്ങളുടെ കിടപ്പ് എല്ലാവര്‍ക്കും ബോധ്യമാകും. പക്ഷേ, ഇന്ന് തീവ്രവാദത്തിനെതിരായ പുതിയ സീറോ ടോളറന്‍സ് നയത്തിന് കീഴില്‍, ഇന്ത്യയില്‍ 7 എന്‍എസ്ജിഎസ് ഹബ്ബുകളുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ണായക സമീപനം അന്നത്തെ ദുര്‍ബലനും, കഴിവുകെട്ടവനും, തീരുമാനശേഷിയില്ലാത്തവനുമായ ആഭ്യന്തരമന്ത്രിയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അതാണ് ഇന്ത്യയുടെ ശത്രുനിരയിലുള്ള പാകിസ്ഥാന് യഥാസമയം ചുട്ട മറുപടി നല്‍കാന്‍ നമുക്കാകുന്നത്.
സാങ്കേതിക വൈധഗ്ദ്യത്തെ എങ്ങനെ, എപ്പോള്‍ വിനിയോഗിക്കണമെന്ന് ഇന്ത്യയ്ക്ക് നന്നായറിയാം. അത് നാം ഇന്നത്തെ ഭരണകൂടത്തിന്റെ കീഴില്‍ അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്.
മുംബൈ പോലീസ് ഭീകരര്‍ക്കെതിരെ ധൈര്യത്തോടെ പോരാടി. പക്ഷേ, കാലഹരണപ്പെട്ട ആയുധങ്ങളാണ് അവരുടെ കൈവശം ഉണ്ടായിരുന്നത്. ധീരരായ ഉദ്യോഗസ്ഥര്‍ പോലും ഭീകരരുടെ കൈവശമുള്ള യന്ത്ര തോക്കുകള്‍ക്ക് മുമ്പില്‍ നിസ്സഹായരായി ജീവന്‍ ബലയര്‍പ്പിക്കേണ്ടി വന്നു. യഥാര്‍ത്ഥത്തില്‍ ഭരണകൂടമാണ് അവരെ പരാജയപ്പെടുത്തിയത്. നിരവധി അഴിമതികളിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയക്കാര്‍ നികുതിദായകരുടെ പണം വക്രിച്ചെടുത്തപ്പോള്‍ പോലീസ് സേനയുടെ നവീകരണത്തിന് പണമില്ലാതെ വന്നു എന്നത് ശ്രദ്ധേയമാണ്.
ലജ്ജയില്ലാത്ത വളച്ചൊടിക്കല്‍
റോമാ നഗരം കത്തുമ്പോള്‍ വീണവായിച്ചിരുന്ന നീറോ ചക്രവര്‍ത്തിയുടെ മനോഭാവത്തിലായിരുന്നു ഭരണത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാക്കള്‍. സ്വന്തം ഭരണത്തിന്റെ കഴിവുകേടില്‍ സംഭവിച്ച ദുരന്തത്തെ രാഷ്ട്രീയ എതിരാളികളുടെ മേല്‍ ഫലപ്രദമായി അടിച്ചേല്‍പ്പിക്കാനുള്ള കഥകള്‍ മെനയുന്ന തിരക്കിലായിരുന്നു അവര്‍. ഭൂരിപക്ഷ ജനതയെ പ്രകോപിപ്പിക്കുന്നതിനായി രാജ്യ മനസ്സാഷിയെ പൊള്ളിച്ച ഭീകാരാക്രമണത്തെ കാവി ഭീകരതയായും, ആര്‍എസ്എസ് ഗൂഢാലോചനയാണെന്നു പോലും പ്രചരിപ്പിക്കുവാന്‍ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി എ. ആര്‍. ആന്തുലെ, ദിഗ്‌വിജയ് സിംഗ് തുടങ്ങിയവര്‍ തയ്യാറായി.
പക്ഷേ, നുണകളുടെ കൂമ്പാരമുയര്‍ത്തി അവര്‍ സൃഷ്ടിച്ച കെട്ടുകഥകളെല്ലാം മലര്‍പ്പൊടിക്കാരന്റെ ചീട്ടു കൊട്ടാരം പോലെ തകര്‍ന്നടിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മുംബൈ ആക്രമണത്തിന് ശേഷം അറുപത് മണിക്കൂറിലധികമാണ് ജനങ്ങള്‍ ഭീതിയില്‍ നിലകൊണ്ടത്. ഇത് രാജ്യത്ത് ഭരണം നടത്തികൊണ്ടിരുന്ന സര്‍ക്കാരില്‍ ജനങ്ങളുടെ വിശ്വാസം പോലും നഷ്ടപ്പെടുവാന്‍ വരെ ഇടയാക്കി. ജനങ്ങള്‍ സുരക്ഷിതരല്ലെന്ന തോന്നലും അവര്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ടു. പക്ഷേ, ഇതൊന്നും കോണ്‍ഗ്രസിനെയോ, അവരുടെ നേതൃത്വത്തിനെയോ ഒട്ടും ബാധിച്ചതായി തോന്നുന്നില്ല. അവര്‍ അലസതയും കെടുകാര്യസ്ഥതയും തുടര്‍ന്നു. രാജ്യം നേരിടുന്ന ഭീകരത ഭീഷണിയെ നിസ്സാരവല്‍ക്കാരിക്കാനുള്ള ശ്രമങ്ങളിലാണ് കോണ്‍ഗ്രസ് ശ്രദ്ധയൂന്നിയത്.
ഭീകരാക്രമണശേഷവും പാകിസ്ഥാനുമായി സൗഹൃദത്തിനാണ് ശ്രമിച്ചത്
പാകിസ്ഥാനില്‍ നിന്നുള്ള ചാവേര്‍സംഘം ഇന്ത്യയുടെ ആത്മാവിനെ മുറിവേല്പിച്ചിട്ടും പ്രതികാരം ചെയ്യുന്നതിനേക്കാള്‍ പാകിസ്ഥാനുമായി നയതന്ത്രം തുടരുന്നതിനാണ് കോണ്‍ഗ്രസ് ഭരണകൂടം താത്പര്യം പ്രകടിപ്പിച്ചത്. അവരെ സംബന്ധിച്ചിടത്തോളം മുംബൈ ഭീകരാക്രമണം ഒരു ദേശീയ ദുരന്തമല്ല, മറിച്ച് പബ്ലിക് റിലേഷന്‍സ് പ്രതിസന്ധിയാണെന്നായിരുന്നു. അന്താരാഷ്ട്ര സമൂഹത്തിന് മുമ്പില്‍ കാര്യങ്ങള്‍ വിശദീകരിച്ച് കൃത്യമായ നടപടിക്കായി പാകിസ്ഥാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് പകരം മീഡിയകള്‍ക്ക് മുന്നിലെത്തി ബൈറ്റുകള്‍ നല്‍കുന്ന തിരക്കിലായിരുന്നു ഈ സമയം കോണ്‍ഗ്രസ് നേതൃത്വം. ‘അന്താരാഷ്ട്ര സമൂഹത്തിന് മുമ്പില്‍ ഇന്നത്തെപ്പോലെ വ്യക്തമായ തെളിവുകളോടു കൂടി ഇച്ഛാശക്തിയോടെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ അന്നത്തെ ഭരണനേതൃത്വത്തിനോ അവരെ നയിച്ച കോണ്‍ഗ്രസിനോ കഴിഞ്ഞില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തീര്‍ത്തും ദുര്‍ബലമായ വാദമുഖങ്ങളാണ് അവര്‍ നിരത്തിയത്. പിന്നീട് അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് വ്യക്തമാണ്.
അന്നത്തെ യു എസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസിന്റെ ഓര്‍മ്മക്കുറിപ്പ് പ്രകാരം, ഇന്ത്യയുടെ വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയെ പലതവണ വളിച്ചു. പക്ഷേ, പ്രതികരണമൊന്നും ലഭിച്ചില്ല. പിന്നീട് അദ്ദേഹം കോള്‍ എടുത്തപ്പോള്‍ ലഭിച്ച മറുപടി ഏറെ രസകരമാണ്. തന്റെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നുവെന്നാണ്. തുടക്കം മുതല്‍ ഭീകരതയെ നിസ്സാരവല്‍ക്കരിച്ചു കാണുകയെന്ന സമീപനമാണ് കോണ്‍ഗ്രസ് നേതൃത്വവും നേതാക്കളും സ്വീകരിച്ചിരുന്നത്. മഹാരാഷ്ട ഉപമുഖ്യമന്ത്രി ആര്‍. ആര്‍ പാട്ടീല്‍ നടത്തിയ ഒരു പ്രസ്താവന തന്നെ ഇതിന് ഉദാഹരണമാണ്. ഭീകരാക്രമണങ്ങള്‍ പോലുള്ളത് ‘വലിയ നഗരങ്ങളില്‍ മാത്രം സംഭവിക്കുന്നു’- എന്നതായിരുന്നു സെന്‍സിറ്റീവ് വിഷയത്തിലുള്ള അഭിപ്രായ പ്രകടനം. ഇത് ജനവിരുദ്ധ ചിന്തയും, കോണ്‍ഗ്രസിന്റെ സംവേദനക്ഷമതയില്ലാ യ്മയുമാണ് കാണിക്കുന്നത്.
സാങ്കേതിക വിടവുകള്‍
കാലത്തിനനുസരിച്ച് സാങ്കേതികവിദ്യ എങ്ങനെ~പ്രയോജനപ്പെടുത്തുമെന്നതില്‍ യുപിഎ ഭരണകാലത്ത് അമ്പേ പരാജയമായിരുന്നു. ഈ രംഗത്ത് അത്ഭുതകരമായ നേട്ടങ്ങള്‍ രാജ്യം കൈവരിച്ചെങ്കിലും അത് ഏത് നിലയില്‍ ഉപയോഗപ്പെടുത്തുന്നതിന് അവസരത്തിനൊത്ത് ഉയരുവാനോ, അതുവഴി സൈബര്‍ നിരീക്ഷണങ്ങളിലൂടെ രാജ്യ സുരക്ഷ ശക്തിപ്പെടുത്താനായില്ല. ഉള്‍ക്കാഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് കൂടുതലായും നടന്നത്. അത് പലപ്പോഴും രാജ്യത്തിന്റെ പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിലുമായിരുന്നു. ഇന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയില്ല. രാഷ്ട്രത്തെയും അവിടുത്തെ ജനങ്ങളെയും സംരക്ഷിത കരവലയത്തില്‍ ചേര്‍ത്ത് നിര്‍ത്തുന്ന ഭരണകൂടമാണ് നയിക്കുന്നത്. അതിനെ അസഹിഷ്ണുതയോടെ കാണാനെ കോണ്‍ഗ്രസിനും അവരുടെ നേതൃത്വത്തിനും കഴിയുകയുള്ളു. അത് അവര്‍ക്ക് ജന്മനാ ലഭിച്ചതാണ്, മാറുകയില്ല….
