ബിഹാറിലേത് എസ്‌ഐആര്‍ കള്ളക്കളി, ഇനി ഒരിടത്തും നടക്കില്ല; അഖിലേഷ് യാദവ്

ലഖ്നൗ: ബിഹാറില്‍ എന്‍ഡിഎ നേടിയ വൻ വിജയം വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ ഫലമെന്ന വിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബിജെപി നയിക്കുന്ന എന്‍ഡിഎ ബിഹാറില്‍ മികച്ച വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് അഖിലേഷിന്റെ പ്രതികരണം. ബിഹാറില്‍ എന്‍ഡിഎ വിജയം നേടിയ ‘കളി’ മറ്റ് സംസ്ഥാനങ്ങളില്‍ നടക്കില്ലെന്നും എസ് പി നേതാവ് പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് ഗൂഢാലോചന എന്നാണ് വോട്ടര്‍പട്ടികയുടെ തീവ്ര പരിഷ്‌കരണത്തെ അഖിലേഷ് യാദവ് വിശേഷിപ്പിച്ചത്. ബിഹാറില്‍ എസ്ഐആര്‍ വഴി നടത്തിയ ‘കളി’ വ്യക്തമായിരിക്കുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാള്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍ ഈ പദ്ധതി നടപ്പാകില്ല. എന്നാണ് അഖിലേഷ് യാദവിന്റെ മുന്നറിയിപ്പ്. എക്‌സില്‍ പങ്കുവച്ച കുറിപ്പിലാണ് അഖിലേഷ് നിലപാട് അറിയിച്ചിരിക്കുന്നത്.

ബിജെപിയുടെ പദ്ധതികളെ കരുതലോടെ നേരിടാനാണ് ഞങ്ങളുടെ തീരുമാനം. സിസിടിവി പോലെ നിരീക്ഷണം തുടരും. സംസ്ഥാത്തെ പിന്നാക്ക, ദളിത്, ന്യൂന പക്ഷ വിഭാഗങ്ങള്‍ ജാഗ്രതയോടെ നിലകൊള്ളും. ബിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല, തട്ടിപ്പുകാരാണെന്നും അഖിലേഷ് യാദവ് ആരോപിച്ചു.

ബിഹാറില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയാണ് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തുടര്‍ച്ച ഉറപ്പാക്കിയിരിക്കുന്നത്. ആകെയുള്ള 243 സീറ്റുകളില്‍ 200 ലേറെ സീറ്റുകളിലാണ് എന്‍ഡിഎ മുന്നിട്ടു നില്‍ക്കുന്നത്. കഴിഞ്ഞ തവണ കേവലഭൂരിപക്ഷമായ 122 അംഗങ്ങള്‍ മാത്രം ഉണ്ടായിരുന്ന നിലയില്‍ നിന്നും, ഇത്തവണ 79 സീറ്റുകള്‍ കൂടി കൂടുതലായി ലീഡ് നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!