‘ആ വാക്ക് മുഖ്യമന്ത്രി പാലിച്ചു’; രാമന്‍കുട്ടിയുടെ 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, പെന്‍ഷന്‍ കുടിശികയായ രണ്ടരലക്ഷം അക്കൗണ്ടിലെത്തി…

തിരുവനന്തപുരം: മുഖ്യമന്ത്രി എന്നോടൊപ്പം (സി എം വിത്ത് മി) സിറ്റിസണ്‍ കണക്ട് സെന്ററില്‍ നല്‍കിയ പരാതിയുടെ പരിഹാരം അറിയിക്കാനാണ് ഒക്ടോബര്‍ 22ന് പാലക്കാട് പ്ലാച്ചിക്കാട്ടില്‍ പി രാമന്‍കുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഫോണില്‍ വിളിച്ചത്. ‘കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമന്‍കുട്ടി…’ മുഖ്യമന്ത്രിയുടെ ഒറ്റവാക്കില്‍ രാമന്‍കുട്ടിയുടെ 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായി. 2013 മുതലുള്ള പെന്‍ഷന്‍ കുടിശികയും ഒക്ടോബറിലെ പെന്‍ഷനുമടക്കം 2,47,340 രൂപയാണ് രാമന്‍കുട്ടിയുടെ അക്കൗണ്ടിലെത്തിയത്.

2013 മെയ് മുതല്‍ 2022 നവംബര്‍ വരെയുള്ള പെന്‍ഷന്‍ കുടിശ്ശികയാണ് 2025 ഒക്ടോബറിലെ പെന്‍ഷനൊപ്പം ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചത്. മുഴുവന്‍ കുടിശ്ശികയും അക്കൗണ്ടില്‍ എത്തിയെന്ന വിവരം സിറ്റിസണ്‍ കണക്റ്റ് കോള്‍ സെന്ററില്‍ നിന്ന് രാമന്‍കുട്ടിയെ അറിയിച്ചു

2013 ഏപ്രിലിലാണ് രാമന്‍കുട്ടി ചെത്ത് തൊഴിലില്‍ നിന്ന് വിരമിക്കുന്നത്. തൊട്ടടുത്ത മാസം മുതല്‍ ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള പെന്‍ഷന്‍ അദ്ദേഹത്തിന് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്ന സോഫ്റ്റ്വെയറിലെ പിഴവ് കാരണം രാമന്‍കുട്ടിയുടെ പെന്‍ഷന്‍ അതേ പേരുള്ള മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോയിരുന്നത്.

2022-ല്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് 2022 ഡിസംബര്‍ മാസം മുതല്‍ 3500 രൂപ നിരക്കിലുള്ള പ്രതിമാസ പെന്‍ഷന്‍ രാമന്‍കുട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നുതുടങ്ങി. ഇത് വലിയ ആശ്വാസമായെങ്കിലും 2013 മെയ് മുതല്‍ 2022 നവംബര്‍ വരെയുള്ള ഏകദേശം ഒന്‍പതര വര്‍ഷത്തെ കുടിശികത്തുക സംബന്ധിച്ച് മാത്രം തീരുമാനമായിരുന്നില്ല.

തുടര്‍ന്ന് വഴിത്തിരിവായത് മുഖ്യമന്ത്രി എന്നോടൊപ്പം – സിറ്റിസണ്‍ കണക്റ്റ് കാള്‍ സെന്ററിലേക്ക് വന്ന ഫോണ്‍ കോള്‍ ആയിരുന്നു. രാമന്‍കുട്ടിയുടെ പരാതി സ്വീകരിച്ച കോള്‍ സെന്റര്‍ അധികൃതര്‍ വിഷയം അടിയന്തരമായി ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് വെല്‍ഫെയര്‍ ഇന്‍സ്പെക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി.

തുടര്‍ന്ന് നടപടികള്‍ വേഗത്തിലായി. പാലക്കാട് ഓഫീസില്‍ നിന്ന് ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും തിരുവനന്തപുരത്തെ ഹെഡ് ഓഫീസിലേക്ക് അടിയന്തരമായി എത്തിച്ചു. ഒക്ടോബര്‍ 17-ന് ചേര്‍ന്ന ക്ഷേമനിധി ബോര്‍ഡിന്റെ 705-ാമത് യോഗം രാമന്‍കുട്ടിയുടെ വിഷയം പ്രത്യേകമായി പരിഗണിച്ച് തുക അനുവദിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!