തിരുവനന്തപുരം : പിഎം ശ്രീ വിവാദം സമവായത്തിലേക്ക്. പദ്ധതി ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കും.
പിഎംശ്രീ ധാരണാപത്രം റദ്ദാക്കുക എന്ന സിപിഐയുടെ ആവശ്യത്തിന് മുന്നിൽ കീഴടങ്ങാൻ സിപിഎമ്മും സർക്കാരും.
കരാർ തത്കാലത്തേക്ക് മരവിപ്പിക്കാൻ നീക്കംതുടങ്ങി. സിപിഐയെ അനുയയിപ്പിക്കാനുള്ള അവസാനഘട്ട പരിശ്രമത്തിൻ്റെ ഭാഗമാണ് ഈ തീരുമാനം. പദ്ധതിയിൽ ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയക്കും. കേന്ദ്രത്തിൽനിന്ന് തീരുമാനം വരുന്നത് വരെ പദ്ധതി മരവിപ്പിച്ചേക്കും.
പിഎം ശ്രീയിൽനിന്നു പിൻമാറുന്നുവെന്നു കാട്ടി സംസ്‌ഥാന സർക്കാർ കേന്ദ്രത്തിനു കത്തു നൽകണമെന്നാണ് സിപിഐ വച്ചിരുന്ന ഉപാധി.
ഇന്നു രാവിലെ എകെജി സെന്ററിൽ നടന്ന സിപിഎമ്മിന്റെ അവെയലബിൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. കേന്ദ്രത്തിന് അയയ്ക്കാൻ ഉദ്ദേശിക്കുന്ന കത്തിൻ്റെ കരട് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി സിപിഐ നേതൃത്വത്തിനു കൈമാറി. ഈ കരട് സിപിഐ സംസ്‌ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുകയാണ്.
മുഖ്യമന്ത്രി സിപിഐ നേതാക്കളെ വിളിച്ച് ഇത് സംബന്ധിച്ച് വിശദീകരിക്കും. ഇതോടെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ഇതിനോടകം സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
രാവിലെ നടന്ന അടിയന്തര യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽഡിഎഫ് കൺവീനൽ ടി.പി.രാമകൃഷ്ണണൻ എന്നിവർ പങ്കെടുത്തു.
പിഎം ശ്രീ വിവാദം; സിപിഐ ക്ക് മുന്നിൽ കീഴടങ്ങി സിപിഎം, പദ്ധതിയിൽ നിന്ന് പിന്മാറും
