സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : സംവിധായകൻ രഞ്ജിത്തിനെതിരായ ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ കേസ് കേരള ഹൈക്കോടതി റദ്ദാക്കി. കേസെടുക്കുന്നതിൽ വന്ന വലിയ കാലതാമസം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ സുപ്രധാന നടപടി. കേസെടുക്കാൻ നിയമം അനുവദിക്കുന്ന സമയപരിധി അവസാനിച്ച ശേഷം മജിസ്‌ട്രേറ്റ് കോടതി കേസെടുത്തത് നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പാലേരി മാണിക്യം എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് (2009-ൽ) രഞ്ജിത്തിൽ നിന്ന് മോശമായ പെരുമാറ്റം ഉണ്ടായെന്നായിരുന്നു നടിയുടെ പരാതി. 2009-ൽ നടന്നതായി പറയുന്ന സംഭവത്തിൽ നടി 2024 ഓഗസ്റ്റ് 26-നാണ് പരാതി നൽകിയത്. അതായത്, സംഭവത്തിനുശേഷം പതിനഞ്ച് വർഷത്തിലേറെ വൈകിയാണ് കേസെടുത്തത്. ഈ കാലതാമസം ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പരാതിയിലെ ആരോപണങ്ങൾ: നടിയുടെ പരാതി പ്രകാരം, പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ‘ബാവൂട്ടിയുടെ നാമത്തിൽ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് രഞ്ജിത്തിനെ പരിചയപ്പെടുന്നത്. പിന്നീട്, ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു പ്രധാന ആരോപണം. സിനിമയുടെ കാര്യങ്ങൾ സംസാരിക്കുന്നതിനിടെ രഞ്ജിത്ത് തന്റെ കൈയ്യിലും മറ്റ് ശരീരഭാഗങ്ങളിലും സ്പർശിച്ചെന്നും, ഇതേത്തുടർന്ന് താൻ സിനിമയിൽ അഭിനയിക്കാതെ മടങ്ങിപ്പോവുകയായിരുന്നു എന്നും നടി മൊഴി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!