‘വാവർ മുസ്ലീമല്ലെന്ന് പറഞ്ഞ് ശബരിമലയെ വർഗീയവത്കരിക്കുന്നു, ബിജെപിക്ക് നൽകുന്ന ഓരോ വോട്ടും കേരളത്തെ തകർക്കും’

കണ്ണൂർ: സംഘപരിവാറിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ സിപിഎം പുതിയതായി നിർമിച്ച കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേയാണ് അദ്ദേഹം വിമർശനങ്ങൾ ഉന്നയിച്ചത്. ശബരിമലയെ വർഗീയവത്കരിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമലയെ വർഗീയവത്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വാവർ മുസ്ലീമല്ലെന്ന് പറയുന്നത് അതുകൊണ്ടാണ്. ഇതിനായി സംഘപരിവാർ ഓരോ വ്യാഖ്യാനങ്ങൾ പടച്ചുവിടുന്നു. ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിൽ വാവർക്കും സ്ഥാനമുണ്ട്. കേരളത്തിൻ്റെ മതേതര കേന്ദ്രമാണത്. ഓണാഘോഷത്തിൻ്റെ ഭാഗമായി മഹാബലിയേപ്പോലും അവർ ഇകഴ്ത്തിക്കാട്ടുന്നു. ബിജെപിയുമായി കൈ കോർത്താൽ നമ്മുടെ സമൂഹത്തിലുള്ളവർക്ക് ഇഷ്ട വസ്ത്രം ധരിക്കാനോ ഇഷ്ട ഭക്ഷണം കഴിക്കാനോ അവരവരുടെ വിശ്വാസം പുലർത്താനോ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിക്ക് നൽകുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകർക്കാനാണ് ഉപകരിക്കപ്പെടുകയെന്നും അദ്ദേഹം വ്യക്തമാക്കി.

തുടർ ഭരണം കേരളത്തിൽ വികസനം സാദ്ധ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സർവതല സ്പർശിയായ വികസനം കൊണ്ടുവരാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. ജനുവരിൽ ദേശീയപാത ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നു കേന്ദ്രമന്ത്രി ഗഡ്കരിയുമായി ഡൽഹിയിൽ നടന്ന ചർച്ചയിൽ അറിയിച്ചിട്ടുണ്ട്. അതിദരിദ്രരില്ലാത്ത ഒരു സംസ്ഥാനമായി കേരളം മാറാൻ പോവുകയാണ്. വികസനത്തിൻ്റെ സ്വാദറിയാത്ത ഒരു ജന വിഭാഗവും കേരളത്തിലില്ല- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!