തൊടുപുഴ: ഇടുക്കി ആമപ്പാറയിൽ കനത്ത മഴയിൽ പാറക്കഷ്ണങ്ങൾ പതിച്ച് നിർമാണത്തിലിരുന്ന വീട് തകർന്നു. പിഎംഎവൈ പദ്ധതിയിലൂടെ ലഭിച്ച ആമപ്പാറ ചെറുകുന്നേൽ രമേശൻ്റെ വീടാണ് തകർന്നത്. കനത്ത മഴയെ തുടർന്ന് കൂറ്റൻ പാറക്കഷ്ണങ്ങൾ ഇളകി വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. വീടിന്റെ കട്ടളയും ജനലും ഉൾപ്പെടെ ഇളകിപ്പോയി.
സമീപത്തെ ഷെഡിലാണ് രമേശനും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം നിലവിൽ താമസിക്കുന്നത്. ഷെഡിൽ നിന്നു അടച്ചുറപ്പുള്ള കൂരയിലേക്ക് മാറാമെന്ന സ്വപ്നമാണ് മഴ തകർത്തത്.
ആകെ നാല് ലക്ഷം രൂപയാണ് വീടിനായി അനുവദിക്കുന്നത്. ഇതിൽ രണ്ട് ഗഡുക്കളായി ഒരു ലക്ഷത്തി അൻപത്തിനായിരം രൂപ ലഭിച്ചു. നിരവധി പേരിൽ നിന്നു കടം വാങ്ങിയും മറ്റുമാണ് വീട് ഇത്രയും നിർമിച്ചതെന്നു രമേശൻ പറഞ്ഞു.
