പെണ്‍കുഞ്ഞുണ്ടായത് ഭാര്യയുടെ കുറ്റം, ക്രൂര മർദ്ദനം; അങ്കമാലിയില്‍ ഭര്‍ത്താവിനെതിരെ കേസ്

കൊച്ചി: അങ്കമാലിയില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന് യുവതിക്ക് ഭര്‍ത്താവിന്റെ പീഡനം. പെണ്‍കുട്ടിയുണ്ടായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ആരോപിച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. ഭാര്യയുടെ പരാതിയില്‍ അങ്കമാലി പൊലീസ് കേസെടുത്തു.

29 കാരിയാണ് പരാതി നല്‍കിയത്. 2020 ലായിരുന്നു ഇരുവരുടെയും വിവാഹം. ഒരുവര്‍ഷത്തോളം പ്രശ്‌നങ്ങളില്ലാതെ പോയെങ്കിലും പെണ്‍കുഞ്ഞ് പിറന്നതിന് ശേഷം നാല് വര്‍ഷത്തോളം യുവതി കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങി വരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വീട്ടില്‍ വച്ച് ക്രൂരമായി മര്‍ദനത്തിന് ഇരയാക്കിയിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ചികിത്സയ്ക്കായി എത്തിയപ്പോള്‍ ആശുപത്രി ജീവനക്കാര്‍ക്ക് തോന്നിയ സംശയങ്ങളാണ് വിവരം പുറത്തറിയാന്‍ ഇടയാക്കിയത്. പിന്നാലെ യുവതി പൊലീസിന് പരാതി നല്‍കുകയായിരുന്നു.

ഗാര്‍ഹിക പീഡനത്തിന് അപ്പുറത്ത് ജനിച്ച കുട്ടി പെണ്‍കുഞ്ഞാണെന്ന് ആരോപിച്ചായിരുന്നു പീഡനം എന്നാണ് പരാതിയില്‍ പറയുന്നത്. 2021 ജൂണ്‍ മുതല്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു എന്നാണ് യുവതിയുടെ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ആരോപിക്കുന്നത്. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!