വയനാട്: കൊയ്ത്ത് മെതിയന്ത്രം കയറ്റി വന്ന മിനിലോറി ഇടിച്ച് 7 വാഹനങ്ങൾ തകർന്നു. ഒരാൾക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ കൊയിലേരിയിലായിരുന്നു അപകടം.
പയ്യമ്പള്ളി ഭാഗത്തുനിന്നും മെതിയന്ത്രം കയറ്റി വന്ന വാഹനത്തിന് കൊയിലേരി ടൗണിന് സമീപമുള്ള ഇറക്കത്തിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. ഈ വാഹനം വന്നിടിച്ച് രണ്ടു കാറുകൾക്കും 5 ബൈക്കുകൾക്കും കേടുപാടുകൾ സംഭവിച്ചു.
റോഡരികിൽ നിൽക്കുകയായിരുന്ന കൊയിലേരി സ്വദേശി ബിബിൻ ബാബുവിനാണ് പരുക്കേറ്റത്. ഇയാളെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബ്രേക്ക് നഷ്ടപ്പെട്ട വിവരം ഡ്രൈവറും ക്ലീനറും വിളിച്ച് പറയുന്നുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. രണ്ടു ബൈക്കുകൾ പൂർണമായും തകർന്ന നിലയിലാണ്.
