സന്നിധാനം: ശബരിമല ക്ഷേത്ര ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വർണപ്പാളികള്‍ ഇന്നു പുന:സ്ഥാപിക്കും.
ചെന്നൈ സ്മാർട്ട് ക്രിയേഷൻസില്‍നിന്നു സ്വർണ്ണം പൂശി തിരികെയെത്തിച്ച ശേഷമാണ് ഇവ പുന:സ്ഥാപിക്കുന്നത്.
സ്പെഷൽ കമ്മിഷണർ ആർ.ജയകൃഷ്‌ണനെ അറിയിക്കാതെ ഉണ്ണി കൃഷ്‌ണൻ പോറ്റിക്ക് സെപ്റ്റംബർ ഏഴിന് ഇവ കൈമാറിയതിൽ ഹൈക്കോടതി ഇടപെട്ടതിനെ തുടർന്നാണ് 2019 ലെ സ്വർണക്കവർച്ച പുറത്തു വന്നത്.
സെപ്റ്റംബർ 21ന് തിരിച്ചെത്തിച്ച പാളികൾ സന്നിധാനത്തെ ലോക്കർ റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നു വൈകിട്ടു തന്ത്രിയുടെ ഉൾപ്പെടെ സാന്നിധ്യത്തിലാകും തിരികെ സ്ഥാപിക്കുക. മഹസറിൽ കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തും.
ദ്വാരപാലക ശിൽപങ്ങളുടെ പാളികളിൽ സ്വർണ്ണം പൂശിയപ്പോൾ 10 ഗ്രാം സ്വർണ്ണം അധികം പൂശിയെന്ന് ബോർഡ് അറിയിച്ചിട്ടുണ്ട്. ഇതോടെ പാളികളിൽ ആകെ ഉപയോഗിച്ച സ്വർണ്ണത്തിന്റെ അളവ് 404.9 ഗ്രാമായി. താങ്ങുപീഠം ഉൾപ്പെടെ 38.6 കിലോയോളമാണ് ദ്വാരപാലക ശിൽപങ്ങളുടെ ഭാരം.
